കാസർകോട്: പത്താംതരം പരീക്ഷയിൽ ജില്ലയിലെ 49 ഗവ. സ്‌കൂളുകൾക്ക് നൂറുമേനി വിജയം. കൂടാതെ 12 എയ്ഡഡ് സ്‌കൂളുകളും 20 അൺ എയ്ഡഡ് സ്‌കൂളുകളും നൂറുമേനി വിജയം കരസ്ഥമാക്കി. ഇത്തവണ ജില്ലയിൽ ആകെ 81 സ്‌കൂളുകളാണ് 100 ശതമാനം വിജയം കരസ്ഥമാക്കിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയ ശതമാനത്തിൽ 0.9 ശതമാനം വർദ്ധനവ്. കഴിഞ്ഞ തവണ ജില്ല കരസ്ഥമാക്കിയത് 97.71 ശതമാനം വിജയം ആയിരുന്നെങ്കിൽ ഇത്തവണയത് 98.61 ശതമാനം ആണ് എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണം കൂടി. കഴിഞ്ഞ തവണ 1461 വിദ്യാർത്ഥികളാണ് മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയതെങ്കിൽ ഇത്തവണ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയവരുടെ എണ്ണം 1685 ആണ്.
വെള്ളച്ചാൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ എല്ലാ വിദ്യാർത്ഥികളും ഉന്നത പഠനത്തിന് അർഹത നേടി. പട്ടികജാതി വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്കൂളിലെ 13മത് എസ്.എസ്.എൽ.സി ബാച്ചാണിത്. എല്ലാ വർഷവും നൂറുമേനി നേടിയ സ്‌കൂളിൽ ഇക്കുറി 33 പേരാണ് പരീക്ഷയെഴുതിയത്. 24 പേർ കാസർകോട് ജില്ലക്കാരും ഒമ്പത് പേർ മറ്റു ജില്ലയിൽ നിന്നുള്ളവരുമാണ്. ഒരു വിദ്യാർത്ഥിക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിപ്പോൾ നാല് പേർക്ക് ഒമ്പത് എപ്ലസ് ഗ്രേഡുണ്ട്.