കണ്ണൂർ: തെക്കുമ്പാട് ക്രൂയിസ് ടൂറിസം പ്രൊജക്ട് അങ്ങേയറ്റം വിശ്വാസ വിരുദ്ധവും അനുഷ്ഠാന വിരുദ്ധവുമാണെന്ന് ഉത്തര മലബാർ തെയ്യം അനുഷ്ഠാന അവകാശ സംരക്ഷണസമിതി. തെയ്യം സമുദായങ്ങളുടെ വിശ്വാസത്തെയും അനുഷ്ഠാനത്തെയും വില്പന ചരക്കാക്കുന്ന പദ്ധതി ഉപേക്ഷിക്കണമെന്ന് സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

തെയ്യത്തെ അതിന്റെ അനുഷ്ഠാനപരതയിൽ നിന്നും വിച്ഛേദിച്ച് അവതരണത്തിൽ ചരുക്കി ലളിതവത്ക്കരിക്കുകയും കച്ചവടവത്ക്കരിക്കുകയും ചെയ്യുന്ന, കാവുകളെയും കോട്ടങ്ങളെയും അപ്രസക്തമാക്കാനും ദളിത്/ ആദിവാസി കൂട്ടായ്മകളെയും അതിന്റെ ആത്മീയതയേയും ദുർബലമാക്കാനുള്ള നീക്കമാണിതെന്നും സമിതി ഭാരവാഹികൾ ആരോപിച്ചു. മാത്രമല്ല ഈ പദ്ധതി പരിസ്ഥിതി വിരുദ്ധവുമാണ്. ദ്വീപിനു ചുറ്റും ഉയരാനിരിക്കുന്ന സൈക്കിൾ പാത, തെയ്യം തീയേറ്റർ, പാർക്കിംഗ് ഏരിയ എന്നിവ തെക്കുമ്പാട് ദ്വീപിലെ അതിലോലമായ ചതുപ്പിനെ തകർക്കുമെന്നും ഭാവിയിൽ ദ്വീപിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാവുമെന്നും സമിതി ഭാരവാഹികൾ ആരോപിച്ചു. വാർത്താസമ്മേളനത്തിൽ സി.വി അനിൽകുമാർ, വേണുഗോപാലൻ പണിക്കർ കാനായി, രാജേഷ് പണിക്കർ പുഴാതി, പവനൻ വെളിച്ചപ്പാടൻ എന്നിവർ സംബന്ധിച്ചു.