കണ്ണൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച നേട്ടവുമായി കണ്ണൂർ. ഇത്തവണ 99.31 വിജയശതമാനമാണ് ജില്ല കൈവരിച്ചത്. കഴിഞ്ഞ വർഷം 99.15 ശതമാനം ആയിരുന്നു. 33155 പേർ പരീക്ഷയെഴുതിയതിൽ 32927പേർ ഉപരിപഠനത്തിന് അർഹത നേടി. കൊവിഡ് 19 വ്യാപകമായ സാഹചര്യത്തിലും വിജയ ശതമാനത്തിൽ മുന്നേറ്റമുണ്ടാക്കാൻ ജില്ലയ്ക്ക് സാധിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം 3748 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയപ്പോൾ ഈ വർഷം അത് 4166 പേരായി ഉയർന്നു. സംസ്ഥാന ഗവൺമെന്റിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്‌കൂളുകളുടെ ഭൗതിക നിലവാരവും അക്കാഡമിക നിലവാരവും ഉയർത്തുന്നതിന് പ്രത്യേക പദ്ധതികൾ തയ്യാറാക്കിയിരുന്നു. സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി ബി പോസിറ്റീവ്, ഇ മുകുളം, വിദ്യാഭ്യാസ ശിൽപശാലകൾ തുടങ്ങിയ പ്രവർത്തനങ്ങൾ സ്‌കൂളുകളിൽ നടപ്പിലാക്കിയതും ഈ മുന്നേറ്റത്തിന് സഹായകരമായി.


കഠിന പരിശ്രമത്തിന്റെ ഫലമായാണ് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്. ജില്ലയിലെ സ്‌കൂളുകളുടെ വിജയ ശതമാനം കഴിഞ്ഞ വർഷത്തേക്കാൾ മെച്ചപ്പെടുത്താൻ കഴിഞ്ഞു. പ്രതികൂല സാഹചര്യത്തിലും മികച്ച വിജയം നേടിയ മുഴുവൻ കുട്ടികളെയും പദ്ധതിയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ജില്ലാ പഞ്ചായത്ത് അംഗങ്ങളെയും പരീക്ഷാ ഫലം മെച്ചപ്പെടുത്തുന്നതിന് കഠിന പ്രയത്നം ചെയ്ത വിദ്യാഭ്യാസ വകുപ്പ്, അദ്ധ്യാപകർ, രക്ഷിതാക്കൾ, ഡയറ്റ് പ്രതിനിധികൾ എന്നിവരെയും അഭിനന്ദിക്കുന്നു.

കെ.വി സുമേഷ്,

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്