കോഴിക്കോട്: ലോക്ക് ഡൗണിൽ ദുരിതത്തിലായവർക്ക് ഭക്ഷണം വിളമ്പിയ പാചകത്തൊഴിലാളികളെ സർക്കാർ കൈവിട്ടു. വിവാഹച്ചടങ്ങിന്റേതടക്കമുള്ള സത്കാരങ്ങൾ ഇല്ലാതായതും സർക്കാർ സഹായിക്കാത്തതുമാണ് സ്ത്രീകളുൾപ്പടെയുള്ള പാചക തൊഴിലാളികളെ വറുതിയിലാക്കിയത്.
വരുമാനം നിലച്ചിട്ടും സംസ്ഥാനത്തെ കമ്മ്യൂണിറ്റി കിച്ചണുകളിൽ പാചകത്തൊഴിലാളികൾ പണിയെടുത്തിരുന്നു. കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിലെ കമ്മ്യൂണിറ്റി കിച്ചണുകൾ കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിലാണ് നടന്നത്. പ്രതിഫലം വാങ്ങാതെ പാചകക്കാർ അവിടെ പണിയെടുക്കുകയായിരുന്നു.
കൊവിഡ് ലോക്ക് ഡൗൺ കാരണം പാചകത്തൊഴിലാളികളുടെ ജീവിതം തീർത്തും വഴിമുട്ടിയ അവസ്ഥയിലാണെന്ന് കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്‌സ് യൂണിയൻ ഭാരവാഹികൾ പറയുന്നു. ലോക്ക് ഡൗണിന്റെ ഇളവ് പാചകത്തൊഴിലാളികൾക്കും ലഭ്യമാക്കണം. പാചകത്തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കണമെന്നു ആവശ്യപ്പെട്ട് സർക്കാരിന് നിവേദനം നൽകിയെങ്കിലും പരിഹാരമുണ്ടായിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി നാസർ കൊടുവള്ളിയും ട്രഷറർ സക്കീർ ഹുസൈൻ കാവനൂറും പറഞ്ഞു.
'ഈ മേഖലയിലുള്ളവർ ആത്മഹത്യയുടെ വക്കിലാണ്. സർക്കാർ ഇടപെടലുണ്ടായില്ലെങ്കിൽ സംസ്ഥാനത്തെ മുഴുവൻ മണ്ഡല കേന്ദ്രങ്ങളും യൂണിയൻ പ്രതിഷേധ സമരം സംഘടിപ്പിക്കും.
ഉസ്മാൻ പാറയിൽ, കുക്കിംഗ് വർക്കേഴ്‌സ്
യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി