post
ഓർക്കാട്ടേരി പോസ്റ്റോഫീസ് ഗേറ്റിനോടു ചേർന്ന് സ്ഥാപിച്ച തപാൽപെട്ടി തുരുമ്പിച്ച് ദ്വാരം വീണനിലയിൽ

വടകര: മഴയ്ക്ക് അറിയില്ലല്ലോ തപാൽ പെട്ടിയിൽ നനഞ്ഞു കുതിരുന്നത് ആയിരങ്ങളുടെ സ്വപ്നങ്ങളും നൊമ്പരങ്ങളുമാണെന്ന്. ദിവസവും പെയ്യുന്ന മഴയിൽ എത്രയോ അക്ഷരങ്ങളാണ് അലിഞ്ഞലിഞ്ഞ് ഇല്ലാതാവുന്നത്. ഓർക്കാട്ടേരി പോസ്റ്റോഫീസ് ഗേറ്റിനോട് ചേർന്ന് സ്ഥാപിച്ച തപാൽ പെട്ടി കാലപ്പഴക്കത്താലും സംരക്ഷണം ഇല്ലാതെയും തുരുമ്പെടുത്ത് നശിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. പക്ഷെ, ദ്രവിച്ച് തുള വീണ പെട്ടിയിൽ കഥയറിയാതെ കത്ത് കൊണ്ടിടുന്നവരുടെ എണ്ണത്തിൽ കുറവൊന്നുമില്ല. പെട്ടിക്കുമേൽ പതിക്കുന്ന മഴവെളളം തുള്ളികളായി തുരുമ്പെടുത്തുണ്ടായ ദ്വാരത്തിലൂടെ അകത്തേക്ക് വീഴുകയാണ്. തപാൽ പെട്ടി നശിച്ചു തുടങ്ങിയിട്ടും മാറ്റി സ്ഥാപിക്കാനോ കത്തുകൾ ഇടരുതെന്ന് എഴുതിവയ്ക്കാനോ അധികൃതർ തയ്യാറായിട്ടില്ല. ഓൺലൈൻ സൗകര്യങ്ങൾ ഏറിയതോടെ കത്തയക്കുന്നത് കുറഞ്ഞെങ്കിലും നിയമാനുസൃതമായ ചില നടപടി ക്രമങ്ങൾ പോസ്റ്റോഫീസ് മുഖേനയാണ് ഇപ്പോഴും നടക്കുന്നത്. ഇത്തരം ചില അറിയിപ്പുകളും സാധാരണ കത്തുകളും അർഹരിലെത്താതെ പോവുകയാണ്.