കോഴിക്കോട്: സർവിസിൽ സ്ഥിരപ്പെടുത്തും മുമ്പ് അംഗപരിമിതയായ ജീവനക്കാരി താത്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനിടെ ഹൃദയ ശസ്ത്രക്രിയയ്ക്കായി അവധിയിലായിരുന്നപ്പോൾ ലഭിക്കേണ്ട ശമ്പള കുടിശികയും മറ്റു ആനുകൂല്യങ്ങളും അടിയന്തരമായി നൽകാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവായി.
മൊകേരി ഗവ. കോളേജിലെ ജീവനക്കാരി ബീനയ്ക്ക് ആനുകൂല്യങ്ങൾ നൽകാൻ കോളേജ് വിദ്യാഭ്യാസ ഡയറക്ടറോടാണ് കമ്മിഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിട്ടത്. ബീനയുടെ ഭർത്താവ് രാമകൃഷ്ണൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
കോളേജിൽ സാനിറ്റേഷൻ വർക്കറായി 2009 ലാണ് ബീന ജോലിയിൽ ചേർന്നത്. 2018 ഡിസംബർ മുതൽ 2019 ജൂൺ വരെ ചികിത്സയ്ക്കായി അവധിയെടുത്തതായിരുന്നു. താത്കാലിക ജീവനക്കാരിയായതിനാൽ അവധി അനുവദിക്കാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു അധികൃതർ. അവധി അപേക്ഷ നൽകിയ ബീനയെ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സർവീസിൽ സ്ഥിരപ്പെടുത്തുകയാണുണ്ടായത്.
അവധി അപേക്ഷ നൽകിയ ശേഷം സ്ഥിരപ്പെടുത്തിയാൽ നിയമ പ്രകാരം അവധി അനുവദിക്കേണ്ടതാണെന്ന് കമ്മിഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി. ആറു മാസത്തിലധികം ജോലിയ്ക്ക് ഹാജരാകാൻ കഴിയാതിരുന്നത് ഹൃദയ ശസ്ത്രക്രിയ കാരണമാണ്. അംഗപരിമിതയായ ബീനക്ക് എല്ലാ ആനുകൂല്യങ്ങളും ലഭിക്കാൻ അർഹതയുണ്ടെന്നും കമ്മിഷൻ ഉത്തരവിൽ വ്യക്തമാക്കി.