കോഴിക്കോട്: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന സുഭിക്ഷകേരളം ജൈവഗൃഹം സംയോജിത കൃഷിത്തോട്ടങ്ങൾക്കായി 900 കർഷക കുടുംബങ്ങൾക്ക് ധനസഹായം ലഭ്യമാക്കും. അപേക്ഷകർ 2020 ജൂൺ 5 ന് മുമ്പായി കൃഷിഭവനുകളിൽ അപേക്ഷ നൽകണം. കാർഷിക വിളകൾക്കൊപ്പം മൃഗപരിപാലനം, കോഴി, മത്സ്യം, താറാവ്, തേനിച്ച എന്നിവയെല്ലാം ഉൾപ്പെടുത്തി കർഷകന് കുറഞ്ഞ ഭൂമിയിൽ നിന്നും പരമാവധി ആദായം ഉറപ്പിക്കുന്ന രീതിയാണ് സംയോജിത കൃഷിരീതി. ഓരോ പ്രദേശത്തിനും അവിടുത്തെ മണ്ണിനെയും കാലാവസ്ഥയെയും നിലവിലുളള ഭൂവിഭവങ്ങളെയും
അടിസ്ഥാനപ്പെടുത്തി സംയോജിത കൃഷിരീതികൾ അതാത് പ്രദേശങ്ങൾക്ക് അനുയോജ്യമായ രീതിയിൽ അനുവർത്തിക്കുന്നതിനാണ് പദ്ധതി ഉദ്ദേശിക്കുന്നത്.
സ്വന്തമായി കുറഞ്ഞത് 5 സെന്റ് ഭൂമിയുളളവരും മറ്റ് കൃഷികളായ വാഴ, പച്ചക്കറി, കിഴങ്ങുവർഗ്ഗങ്ങൾ മുതലായവ വാടകഭൂമിയിലോ കുടുംബാംഗങ്ങളുടെ ഭൂമിയിലോ കൃഷി ചെയ്യുന്നവർക്കും പദ്ധതി ഗുണഭോക്താവാകാം. സ്വന്തം ഭൂമിയിൽ പശു, ആട്, കോഴി തുടങ്ങിയവയെ വളർത്തുന്നതിനൊപ്പം വാടകഭൂമിയിൽ സംയോജിത കൃഷിരീതി അവലംബിക്കുന്നതിനു പദ്ധതിയുടെ ഭാഗമായി സഹായം ലഭിക്കും.