ചർച്ച നടത്തി ഡാമുകളിലെ ജലവിതാനം ക്രമപ്പെടുത്തും

കൽപ്പറ്റ: പ്രളയ കാലത്ത് ഡാമുകളുടെ ഷട്ടറുകൾ തുറക്കുമ്പോഴുണ്ടാകുന്ന അടിയന്തര സ്ഥിതിഗതികൾ വിലയിരുത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വയനാട്‌ - മൈസൂരു അന്തർ ജില്ലാ കോ ഓർഡിനേഷൻ കമ്മിറ്റി രൂപീകരിക്കാൻ ധാരണയായി. പ്രളയ കാലത്ത് ജില്ലയിൽ വെള്ളപ്പൊക്കം രൂക്ഷമാക്കുന്നത് തടയുന്നതിനായി വയനാട് ജില്ലാ കളക്ടർ മൈസൂരു ജില്ലാ കളക്ടറുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് വർഷകാലത്തെ ഡാം പരിപാലനത്തിൽ ഇരുജില്ലകളിലെയും അധികാരികളുടെ പരസ്പര സഹകരണമുണ്ടാക്കാൻ തീരുമാനിച്ചത്.
വർഷകാലത്ത് കാരാപ്പുഴ, ബാണാസുര ഡാം ഷട്ടറുകൾ തുറക്കുമ്പോൾ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടാകുന്നത് ഒഴിവാക്കുന്നതിനായാണ് ബീച്ചനഹള്ളി ഡാമിലെ ജലവിതാനം ക്രമപ്പെടുത്തുന്നതിനായി മൈസുരു ജില്ലാ കളക്ടറുമായി ചർച്ച ചെയ്തത്. ആദ്യമായാണ് മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലാ അധികൃതർ തമ്മിൽ ഇത്തരമൊരു കൂടിക്കാഴ്ച നടത്തുന്നത്. ഇരു ജില്ലകളിലെയും ഡാം പരിപാലന ചുമതലയുള്ള ഉദ്യോഗസ്ഥർ അടങ്ങുന്നതായിരിക്കും പുതുതായി രൂപീകരിക്കുന്ന സമിതി. പ്രളയകാലത്തെ ഡാമുകളിലെ സ്ഥിതിഗതികൾ നിരീക്ഷിച്ച് നടത്തുന്ന ചർച്ചയുടെ അടിസ്ഥാനത്തിലാവും ഡാമുകളിലെ ജലവിതാനം ക്രമപ്പെടുത്തുന്നതിൽ തീരുമാനമുണ്ടാകുക.
വയനാട് ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള, മൈസുരു ജില്ലാ കളക്ടർ അഭിരാം ജി ശങ്കർ, ഡാം റിസർച്ച് ആൻഡ് സേഫ്റ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.ശ്രീധരൻ, ഡാം റിസർച്ച് ആൻഡ് സേഫ്റ്റി സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി. മനോഹരൻ എന്നിവർ പങ്കെടുത്തു.