പടിഞ്ഞാറത്തറ: കൽപ്പറ്റ വാരാമ്പറ്റ റോഡ് നവീകരണ പ്രവൃത്തി പൂർത്തീകരിക്കുന്നതിന് ഇനിയും സ്ഥലം വിട്ടുകൊടുക്കാത്ത ഉടമകൾ കേസുകൾ പിൻവലിച്ച് പ്രവൃത്തി പൂർത്തിയാക്കാൻ സഹകരിക്കണമെന്ന് കൽപ്പറ്റ വാരാമ്പറ്റ റോഡ് ജനകീയ ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ എം.എ ജോസഫ്, എം മുഹമ്മദ് ബഷീർ, ഷമീം പാറക്കണ്ടി എന്നിവർ ആവശ്യപ്പെട്ടു. നവീകരണ പ്രവൃത്തി കൊണ്ട് റോഡിന് മധ്യഭാഗത്ത് എത്തിയതും ഉയരം കുറഞ്ഞതുമായ വൈദ്യുത തൂണുകൾ മാറ്റുന്നത് സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വൈകിക്കുന്നതിൽ നിന്ന് കിഫ്ബിയും വൈദ്യുതി വകുപ്പും പിൻമാറണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
നിരവധി കാലത്തെ പ്രക്ഷോഭങ്ങൾ കൊണ്ടാണ് സംസ്ഥാന പാതയായ ഈ റോഡ് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തി ആരംഭിച്ചത്. തുടക്കത്തിലുണ്ടായിരുന്ന സ്ഥലം ഏറ്റെടുക്കലും മറ്റ് വിഷയങ്ങളും ജനകീയ ഇടപെടൽ വഴി വലിയൊരളവ് വരെ പരിഹരിക്കാൻ കഴിഞ്ഞത് റോഡ് പ്രവൃത്തിയുടെ വേഗത കൂട്ടിയിട്ടുണ്ട്. ഇടക്കാലത്ത് കിഫ്ബി നൽകിയ സ്റ്റോപ്പ് മെമ്മോയും കൊറോണയെ തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗണും പദ്ധതി വൈകുന്നതിൽ കാരണമായി. കാലവർഷം തുടങ്ങുന്നതിന് മുമ്പ് പിണങ്ങോട് മുതൽ കൽപ്പറ്റ വരെ ടാറിങ് പ്രവൃത്തി പൂർത്തീകരിക്കുകയാണ് ഇപ്പോൾ ലക്ഷ്യം. ഈ ഭാഗങ്ങളിലെ പ്രവൃത്തി എത്രയും പെട്ടെന്ന് പൂർത്തിയാക്കി പിണങ്ങോട് മുതൽ പടിഞ്ഞാറത്തറ വരെയുള്ള ഭാഗങ്ങളിലെ പ്രവൃത്തി പുനരാരംഭിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് തയ്യാറാവണം.
ഇതുമായി ബന്ധപ്പെട്ട കർമ്മസമിതി ഓൺലൈൻ യോഗത്തിൽ എം.പി.നൗഷാദ്, ഷീജ ആന്റണി, ജെസ്സി ജോണി, പി.കെ.അബ്ദുറഹിമാൻ, കളത്തിൽ മമ്മൂട്ടി, കെ.ഹാരിസ്, ജോണി നന്നാട്ട്, വി.ജി.ഷിബു, കെ.ഇബ്രാഹിംഹാജി, ബഷീർ പുള്ളാട്ട്, തന്നാനി അബൂബക്കർ, നജീബ് പിണങ്ങോട്, ഉസ്മാൻ പഞ്ചാര, മുഹമ്മദ് പനന്തറ, ജാസർ പാലക്കൽ, കെ.എസ്.സിദ്ധീഖ് തുടങ്ങിയവർ സംസാരിച്ചു.