കൽപ്പറ്റ: വിദ്യാഭ്യാസ മേഖലയിൽ മാറ്റം സൃഷ്ടിച്ച് ഓൺലൈൻ ക്ലാസ്സുകൾക്ക് തുടക്കമായി. കൊവിഡ് 19 രോഗ വ്യാപന പശ്ചാത്തലത്തിൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നത് വിദ്യാർത്ഥികളിലും അദ്ധ്യാപകരിലും ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് ക്ലാസ്സുകൾ ഓൺലൈനിലൂടെ ആരംഭിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് വിദ്യാർത്ഥികൾക്ക് ഓൺലൈൻ സംവിധാനത്തിലൂടെ പഠന സൗകര്യം ഏർപ്പെടുത്തിയത്. വിദ്യാർത്ഥികൾ വീടുകളിൽ ടി വിക്കും ലാപ്‌ടോപ്പുകൾക്കും മുന്നിലിരുന്ന് പുതിയ അദ്ധ്യയന വർഷത്തെ പഠന പ്രവർത്തനങ്ങളിൽ പങ്കാളികളായി.

ജൂൺ ഏഴ് വരെ പരീക്ഷണാടിസ്ഥാനത്തിലാണ് ക്ലാസ്സുകൾ നടക്കുക. സാങ്കേതികമായ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് അവ പരിഹരിക്കുന്നതിനാണ് പരീക്ഷണാർത്ഥം ക്ലാസ്സുകൾ തുടങ്ങിയത്. വീടുകളിൽ ടെലിവിഷൻ, സ്മാർട്ട് ഫോൺ, ലാപ്‌ടോപ്പ്, ഇന്റർനെറ്റ് കണക്ഷൻ തുടങ്ങിയ സംവിധാനങ്ങൾ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് അവ ഒരുക്കി നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. രാവിലെ 8.30നാണ് ക്ലാസ്സുകൾ തുടങ്ങിയത്. വിക്‌ടേഴ്സ് ചാനലിലൂടെ അര മണിക്കൂർ വീതമുള്ള ക്ലാസ്സുകളാണ് നൽകുന്നത്.

കോളനികളിൽ സാമൂഹിക പഠനമുറികൾ
ജില്ലയിലെ ഒന്നു മുതൽ പത്ത് വരെ ക്ലാസ്സുകളിൽ പഠിക്കുന്ന ട്രൈബൽ വിദ്യാർത്ഥികൾക്ക് പട്ടികവർഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ ഓൺലൈൻ പഠന സൗകര്യങ്ങൾ ഒരുക്കി. 28,000 വിദ്യാർത്ഥികളാണ് ഈ വിഭാഗത്തിൽ ജില്ലയിലുള്ളത്. ഓണിവയൽ ഫ്ളാറ്റിൽ ഒരുക്കിയ പഠനമുറി ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള സന്ദർശിച്ചു. കോളനികളിലെ സാമൂഹിക പഠനമുറികളിലും കമ്മ്യൂണിറ്റി ഹാളുകളിലും വിദ്യാർത്ഥികൾക്ക് ഇന്റർനെറ്റ്, ഡിഷ് കണക്ഷനുകൾ തയ്യാറാക്കി ക്ലാസ്സ് സജ്ജമാക്കി. 23 പഠനമുറികളാണ് ജില്ലയിൽ സജ്ജീകരിച്ചത്. എല്ലാ കേന്ദ്രങ്ങളിലും ട്രൈബൽ ഡിപ്പാർട്ട്‌മെന്റ് നിയമിച്ച പരിശീലകന്റെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. അസൗകര്യങ്ങൾ ഉള്ള ഇടങ്ങളിൽ ആവശ്യമായ സാമഗ്രികൾ എത്തിക്കാൻ വാർഡ് മെമ്പർമാർ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർമാർ, പ്രമോട്ടർമാർ എന്നിവരടങ്ങിയ കർമ്മസമിതി നേതൃത്വം വഹിക്കും. ജൂൺ ഏഴിന് മുൻപായി മുഴുവൻ വിദ്യാർത്ഥികൾക്കും അടിസ്ഥാന സൗകര്യം ഒരുക്കാൻ പട്ടികവർഗ്ഗ വികസന വകുപ്പ് പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്.