എടച്ചേരി: വിക്ടർ ചാലനിൽ ഇന്നലെ ആരംഭിച്ച ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ഓൺലൈൻ ക്ലാസുകൾ പലർക്കും കാണാൻ കഴിഞ്ഞില്ല. രാവിലെ പത്തിന് ക്ലാസുകൾ ആരംഭിച്ചെങ്കിലും നെറ്റ് വർക്ക് തകരാറും ചാനൽ കിട്ടാത്തതും കാരണം മിക്ക കുട്ടികൾക്കും തത്സമയം കാണാൻ കഴിഞ്ഞില്ല. ക്ലാസുകളുടെ സമയം അദ്ധ്യാപകർ മുൻകൂട്ടി അറിയിച്ചിരുന്നു.
വീട്ടിൽ ടി.വിയില്ലാത്ത നിരവധി കുട്ടികൾ സ്മാർട്ട് ഫോണിനെയാണ് ആശ്രയിച്ചത്. വിദ്യാർത്ഥികളിൽ വലിയ വിഭാഗവും നേരത്തെ സ്മാർട്ട് ഫോണിൽ വിക്ടേഴ്സ് ലൈവ് സ്ട്രീം ആപ്പ് ഡൗൺലോഡ് ചെയ്‌തിരുന്നു. എന്നാൽ ക്ലാസ് തുടങ്ങിയപ്പോൾ മിക്ക വിദ്യാർത്ഥികളുടെയും ഫോൺ ആപ്പ് നിശ്ചലമായി. തുടർന്ന് കുട്ടികളും രക്ഷാകർത്താക്കളും പരാതിയുമായി അദ്ധ്യാപകരെ വിളിച്ചു. പിന്നീട് യൂട്യൂബിൽ ലഭിച്ച ലിങ്കിലൂടെ വിദ്യാർത്ഥികൾ ക്ലാസുകൾ കണ്ടു. ഇന്നലെ ഒന്നാം ക്ലാസിൽ പൊതു വിഷയവും, രണ്ട് മൂന്ന് ക്ലാസുകളിൽ മലയാളവും നാലാം ക്ലാസിൽ ഇംഗ്ലീഷുമായിരുന്നു വിഷയങ്ങൾ.