s

കോഴിക്കോട്: ആകെ ഇരുൾ മൂടിയ മൂന്ന് മാസം... മൂന്നു യുഗം പോലെ തോന്നുകയാണ് ഇപ്പോൾ പൂർണഗർഭിണിയായ സുതിജയ്ക്ക്. രാജസ്ഥാൻ അതിർത്തിയിൽ ലോക്ക് ഡൗണിന്റെ കുരുക്കിൽ കുടുങ്ങിപ്പോയപ്പോൾ ആശുപത്രിയിലേക്ക് പോലും നീങ്ങാനാവാത്ത അവസ്ഥ. വല്ലാതെ പേടിച്ചുപോയി. പിന്നീട് ഏറെ ദുരം താണ്ടി ഒരു ആശുപത്രിയിലെത്താൻ കഴിഞ്ഞപ്പോൾ കൊവിഡ് ഭയന്ന് ഡോക്ടർ മര്യാദയ്ക്ക് നോക്കാൻ തന്നെ കൂട്ടാക്കിയില്ല. മനസ്സുരുകി നിമിഷങ്ങൾ തള്ളിനീക്കേണ്ടി വന്ന ദുരിതനാളുകൾ പിന്നിട്ട് ഒടുവിൽ നാടണഞ്ഞതിന്റെ വലിയ ആശ്വാസത്തിലാണിപ്പോൾ.

മദ്ധ്യപ്രദേശിനോടു ചേർന്നുള്ള അതിർത്തി ജില്ലയിൽ സ്വകാര്യ സ്കൂളിലെ അദ്ധ്യാപികയാണ് കോഴിക്കോട്ടുകാരിയായ സുതിജ. ഭർത്താവ് ബരീഷും അതേ സ്കൂളിലെ അദ്ധ്യാപകൻ. ഏഴു വയസ്സുള്ള മകൾ നിയുക്ത അവിടെ രണ്ടാം ക്ലാസിലും. കുടുംബം ഒപ്പമുണ്ടല്ലോ എന്ന ധൈര്യത്തിനിടയിലും ചികിത്സ കിട്ടുമോ എന്ന കാര്യമാലോചിച്ചുള്ള ആധിയിൽ നീറുകയായിരുന്നുവെന്ന് ഇപ്പോൾ ഒൻപതു മാസം ഗർഭിണിയായ സുതിജ പറയുന്നു.

നഷ്ടപ്പെട്ടെന്നു തോന്നിച്ച ജീവിതം തിരിച്ചുപിടിക്കാനായത് സുമനസ്സുകളുടെ കരുതലിലാണ്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും അവിടത്തെ എം.പി ദുഷ്യന്ത് സിംഗ്, അദ്ദേഹത്തിന്റെ മലയാളിയായ സെക്രട്ടറി സതീഷ് എന്നിവരെല്ലാം കാര്യമായി സഹായിച്ചു. കടമ്പകൾ പലതും കടന്നാണ് നാട്ടിലെത്താനായത്.

രാജസ്ഥാനിലെ പാലം ജില്ലയിൽ താമസിക്കുന്ന സുതിജ ചികിത്സയ്ക്ക് പോയിരുന്നത് തൊട്ടപ്പുറത്ത് മദ്ധ്യപ്രദേശിലെ ജില്ലാ ആശുപത്രിയിലായിരുന്നു. ലോക്ക് ഡൗൺ വന്നതോടെ അതിർത്തി കൊട്ടിയടച്ചപ്പോൾ അത് മുടങ്ങി. ദിവസങ്ങൾ നീണ്ട ശ്രമത്തിനൊടുവിൽ 90 കിലോമീറ്റർ അകലെയുള്ള ഒരു ആശുപത്രിയിൽ പോകാൻ പൊലീസിന്റെ പാസ് കിട്ടി. അവിടെ ചെന്നപ്പോഴാകാട്ടെ കൊവിഡ് പേടി കൊണ്ടുതന്നെയാവണം ഡോക്ടറുടെ പരിശോധന പേരിലൊതുങ്ങി. നാട്ടിലേക്ക് വരാനാണെങ്കിൽ 1750 കിലോമീറ്റർ താണ്ടണം കോഴിക്കോട്ടെത്താൻ. അതിനു മാർഗവുമില്ല. അടച്ചിടലിന് ഇളവുകൾ വന്ന ശേഷംസ്വകാര്യ വാഹനം കിട്ടാൻ കുറേ ഓടിയെങ്കിലും ഫലിച്ചില്ല.

നാട്ടുകാരനായ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ ബന്ധപ്പെട്ടതോടെ വൈകാതെ വഴി തെളിയുകയായിരുന്നു. സന്ദീപ് വാര്യർ, വൈശാഖ് മേനോൻ തുടങ്ങിയവരും ഒപ്പം നിന്നു. ദുഷ്യന്ത് സിംഗ് എം.പി ഇടപെട്ടതോടെ ക്വാട്ട ജില്ലയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള ശ്രമിക് സ്പെഷ്യൽ ട്രെയിനിൽ ടിക്കറ്റ് ശരിയായി. എന്നാൽ റെഡ്സോണായ ക്വാട്ടയിലേക്ക് സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനമില്ലെന്ന പ്രശ്നമായി. സെക്രട്ടറിയുടെ സഹായത്തിൽ എം.പി യുടെ കാറിൽ സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

മേയ് 20ന് രാത്രി 10 ന് കോഴിക്കോട്ടിറങ്ങിയ സുതിജയ്ക്കും കുടുംബത്തിനും ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ ബസ്സിൽ അണ്ടിക്കോട്ട് വരെ എത്താനായി. എന്നാൽ അവിടെ നിന്ന് വീട്ടിൽ പോകുന്നതിനുള്ള വാഹനത്തിന് തലക്കുളത്തൂർ പഞ്ചായത്തിന്റെ സഹായം തേടിയപ്പോൾ നടന്നില്ല. തുടർന്ന് ജില്ലാ കളക്ടറെ ഫോണിൽ വിളിച്ചതോടെ നാലു മണിക്കൂർ കഴിഞ്ഞൊണെങ്കിലും വാഹനം കിട്ടുകയായിരുന്നു.