സുൽത്താൻ ബത്തേരി: ചെതലയം ടൗണിലെ ബാർബർ ഷോപ്പിലും സമീപത്തെ ഒരു വീട്ടിലും ഓടിക്കയറിയ കാട്ടുപന്നി രണ്ട് പേരെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. ചെതലയം ടൗണിലെ ബാബർഷോപ്പ് ഉടമ പൂവഞ്ചി കോളനിയിലെ വാസു (35), വനം വകുപ്പ് വാച്ചർ ഷിബു (40) എന്നിവർക്കാണ് പരിക്കേറ്റത് വാസുവിനെ ബത്തേരി താലൂക്ക് ആശുപത്രിയിലും ഷിബുവിനെ ചെതലയം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും പ്രവേശിപ്പിച്ചു. ഇന്നലെ കാലത്ത് ഒമ്പത് മണിക്കായിരുന്നു സംഭവം.
തൊട്ടടുത്ത വനമേഖലയിൽ നിന്നെത്തിയ പന്നി തുറന്ന് കിടന്ന ബാർബർ ഷോപ്പിലൂടെ അകത്ത് കയറി വാസുവിനെ ആക്രമിക്കുകയായിരുന്നു. ബഹളം വെച്ചപ്പോൾ അവിടെ നിന്ന് പുറത്ത് ചാടിയ പന്നി സമീപത്തെ വനം വകുപ്പ് വാച്ചർ ഷിബുവിന്റെ വീട്ടിനുള്ളിലേക്ക് ഓടിക്കയറി. ബെഡ്റൂമിലെത്തിയ പന്നി ഷിബുവിനെ ആക്രമിക്കുകയായിരുന്നു. ഓടികൂടിയ നാട്ടുകാർ ബഹളം വെച്ചതോടെ പന്നി ബെഡ്റൂമിൽ നിന്ന് പുറത്ത് കടന്ന് സമീപത്തെ തോട്ടത്തിലേക്ക് ഓടിമറഞ്ഞു. വാസുവിന്റെ കാലിനും ഷിബുവിന്റെ പുറത്തും കാലിനുമാണ് പരിക്കേ്. പന്നി ഇതിന് മുമ്പും പ്രദേശത്ത് ഇറങ്ങിയിട്ടുണ്ടെങ്കിലും വീട്ടിലും കടയിലും കയറിയുള്ള അക്രമണം ആദ്യമാണ്.


ചുങ്കം മൽസ്യ മാർക്കറ്റ് വീണ്ടും തുറന്നു
സുൽത്താൻ ബത്തേരി: യാർഡ് നിർമ്മാണത്തിന്റെ ഭാഗമായി അടച്ചിട്ട ചുങ്കം മൽസ്യ മാർക്കറ്റ് തുറന്ന് പ്രവർത്തനമാരംഭിച്ചു. അസംപ്ഷൻ ജംഗ്ഷനിലും കോട്ടക്കുന്നിലും പ്രവർത്തിച്ചിരുന്ന മൽസ്യ മാർക്കറ്റുകളാണ് ചുങ്കത്തെ ആധുനിക മാർക്കറ്റിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചത്.
ഒരു വർഷം മുമ്പാണ് ചുങ്കത്തെ മൽസ്യ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചത്. മഴ പെയ്താൽ യാർഡ് ചളിക്കളമാകുന്നതോടെ ഇവിടേക്ക് ആരും വരാതായി. ഇതോടെ മാർക്കറ്റ് ആദ്യമുണ്ടായിരുന്ന സ്ഥലങ്ങളിലേക്ക് തന്നെ മാറ്റി. തുടന്ന് 15 ലക്ഷം രൂപ മുടക്കിയാണ് യാർഡ് കോൺക്രീറ്റ് ചെയ്തത്. മൽസ്യങ്ങളുടെ മൊത്ത ചില്ലറ വിൽപ്പന ഇനി മുതൽ ഇവിടെയാണ് നടക്കുക. ജൂൺ പകുതിയോടെ രണ്ടിടങ്ങളിലായി പ്രവർത്തിക്കുന്ന മാംസ മാർക്കറ്റും പൂർണ്ണമായി ഇവിടേക്ക് മാറ്റും. ഇതിനായി 9 സ്റ്റാളുകളും നിർമ്മിച്ചിട്ടുണ്ട്. വൈദ്യുതി കണക്ഷൻ കിട്ടുന്ന മുറയ്ക്ക് മാംസ മാർക്കറ്റ് ചുങ്കത്തേക്ക് മാറ്റും.