പയ്യോളി: മഴക്കാല പൂർവ്വ ശുചീകരണത്തിൽ നഗരസഭാ വാർഡ് സാനിറ്റേഷൻ കമ്മിറ്റിയും കൗൺസിലർ മാരും കാണിക്കുന്ന അനാസ്ഥ മൂലം മൂരാട് ബസ്‌സ്റ്റോപ്പും റോഡും വെള്ളത്തിലായി. പയ്യോളി നഗരസഭയിലെ മൂന്നും നാലും വാർഡിന്റെ അതിർത്തിയിൽ ദേശീയപാതയ്ക്ക് അരികിലെ ഓവുചാലിൽ മണ്ണ് നിറഞ്ഞതാണ് വെള്ളം കയറാൻ ഇടയാക്കിയത്. മുൻകാലങ്ങളിൽ വാർഡ് സാനിറ്റേഷൻ കമ്മിറ്റി നടത്തിയ മണ്ണുമാറ്റൽ പ്രവൃത്തി കനിവ് ചാരിറ്റബിൾ പ്രവർത്തകർ മഴയ്ക്ക് മുമ്പേ നടത്തുന്നതിനാൽ വെള്ളക്കെട്ട് ഉണ്ടായിരുന്നില്ല. ഓവുചാൽ വൃത്തിയാക്കാൻ ഓരോ വാർഡിനും പ്രത്യേക ഫണ്ട് നീക്കി വച്ചിട്ടും സാനിറ്റേഷൻ കമ്മിറ്റി അനാസ്ഥ കാണിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. കഴിഞ്ഞ വർഷം ഡെങ്കിപ്പനി പിടിപെട്ട പ്രദേശത്താണ് വെള്ളക്കെട്ട് രൂക്ഷമായിരിക്കുന്നത്. ഓയിൽ മുതൽ മൂരാട് പാലം വരെയുള്ള ഓവുചാൽ വൃത്തിയാക്കിയാൽ വെള്ളം സുഗമമായി മൂരാട് പുഴയിലേക്ക് എത്തുമെന്നിരിക്കെ നഗരസഭ നടപടിയെടുക്കുന്നില്ലെന്ന ആരോപണവുമുണ്ട്.