കോഴിക്കോട്: ലോക്ക് ഡൗൺ ദിവസങ്ങൾ ഇന്റർനെറ്റിലൂടെ മറികടക്കുകയാണ് മലയാളികൾ. മലയാളികളുടെ ക്ലാസുകളും മീറ്റിംഗും സമരവും അഭിപ്രായങ്ങളുമെല്ലാം ഇന്റർനെറ്റിലേക്ക് ചുരുങ്ങിയിരിക്കുന്നു. ലോക്ക് ഡൗൺ ആൾക്കൂട്ടത്തെ വിലക്കിയതോടെ പകച്ചുപോയ രാഷ്ട്രീയ പാർട്ടികളും ഇന്റർനെറ്റിലൂടെ കളം നിറയുകയാണ്. പ്രതിഷേധങ്ങളും പ്രതികരണങ്ങളും സമരങ്ങളുമായി വാട്സആപ്പിലും ഫേസ്ബുക്കിലുമെല്ലാം പാർട്ടിക്കാരുടെ മത്സരമാണ്.
ഇന്റർനെറ്റിലൂടെ സംഘാടന പരിമിതിയും പണത്തിന്റെ ഉപയോഗവുമെല്ലാം പാർട്ടികൾ മറികടന്നു. രാഷ്ട്രീയ പാർട്ടികളുടെ സംസ്ഥാന, ജില്ലാ, മണ്ഡല യോഗങ്ങൾ വരെ ഇപ്പോൾ വീഡിയോ കോൺഫറൻസിലൂടെയാണ് നടക്കുന്നത്. രാജ്യത്തെ ബഹുരാഷ്‌ട്ര കമ്പനികളിലെ അവസ്ഥയും ഇതു തന്നെ.
കുതിക്കുന്ന ഡേറ്റ
ലോക്ക് ഡൗണിൽ ഒരു മൊബൈൽ നെറ്റ് വർക്കിൽ നിന്ന് മാത്രം ഏകദേശം 6 ലക്ഷം ജി.ബിയിലേ ഡേറ്റയാണ് ദിവസവും ഉപയോഗിച്ചത്. എല്ലാ ഇന്റർനെറ്റ് സേവനദാതാക്കളും കൂടിച്ചേരുമ്പോൾ ഇത് ഇരട്ടിക്കും.
വേണ്ടത് വേഗത
ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ വീഡിയോ കണ്ടന്റുകളുടെ ക്വാളിറ്റി നേരത്തെ കുറച്ചിരുന്നു. മൊബൈൽ ഡേറ്റയിൽ പരമാവധി 480 പിക്‌സൽ വീഡിയോ മാത്രമേ ലഭിക്കുകയുള്ളൂ. പ്രമുഖ ഡിജിറ്റൽ പ്ലാറ്റ്‌ഫോം പ്രതിനിധികളുടെ ചർച്ചയിലായിരുന്നു ഈ തീരുമാനം. ജനം വീട്ടിലിരിക്കുമ്പോൾ ഇന്റർനെറ്റിന്റെ ഉപയോഗം കൂടുമെന്നിരിക്കെ അത് വേഗതയ്‌ക്ക് തടസമുണ്ടാക്കരുതെന്നു ടെലികോം സേവനദാതാക്കളോട് കേന്ദ്ര സർക്കാർ നേരത്തെ ഓർമ്മിപ്പിച്ചിരുന്നു.
ഇന്റർനെറ്റ് കണക്കുകൾ ഇങ്ങനെ
മുൻ ഡേറ്റാ ഉപയോഗം (പ്രതിദിനം)- 35 ലക്ഷം ജി.ബി.(3500 ടി.ബി)
ഇപ്പോൾ- 40 ലക്ഷം (4000 ടി.ബി)
വർക്ക് ഫ്രം ഹോമും സോഷ്യൽ മീഡിയയും ഡേറ്റയുടെ അളവ് കൂട്ടി
ഒരേ സമയം കൂടുതൽ പേർ ഉപയോഗിച്ചത് വിനയായി
ഗ്രാമങ്ങളിലെ പ്രതിദിന ഡാറ്റ ഉപയോഗം ഇരട്ടിച്ചു
നേരത്തെ ഒരു ടവറിൽ നിന്ന് പ്രതിദിനം ഉപയോഗിച്ചത്: 200-300 ടി.ബി
ഇപ്പോൾ: 400 - 500 ടി.ബി