കോഴിക്കോട്: നിസർഗ ചുഴലിക്കാറ്റിന്റെ ചുവട് പിടിച്ച് ജില്ലയിൽ കാലവർഷം ശക്തമാകുന്നു. കഴിഞ്ഞ ദിവസം രാത്രി തുടങ്ങിയ മഴ ഇന്നലെ രാത്രി വരെ തുടർന്നു. മലയോരങ്ങളിൽ കനത്ത മഴ തുടരുകയാണ്. ശക്തമായ മഴയിലും മിക്കയിടങ്ങളിലും വീടുകളും മതിലും തകർന്നു. ഗതാഗതവും തടസ്സപ്പെട്ടു. കനത്ത മഴയിൽ മാവൂർ റോഡ്, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ, അരയിടത്ത്പാലം ജംഗ്ഷൻ, എൽ.ഐ.സി എന്നിവിടങ്ങളിൽ വെള്ളം കയറി. കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.
മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കാൻ സാദ്ധ്യതയുള്ളതിനാൽ കടൽ പ്രക്ഷുബ്‌ധമാകാനും. കേരള തീരത്ത് മത്സ്യ ബന്ധനത്തിനുള്ള നിരോധനം തുടരും. കടലാക്രമണ ഭീഷണിയുള്ളതിനാൽ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. താഴ്ന്ന മേഖലകളിൽ വെള്ളപ്പൊക്കത്തിനും മലയോരത്ത് മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാദ്ധ്യതയുണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി നിർദ്ദേശിച്ചു.
കൊവിഡും പകർച്ച വ്യാധിയും
ജില്ലയിൽ മഴ കനത്തതോടെ കൊവിഡിന് പിന്നാലെ ജില്ലയിൽ പകർച്ചവ്യാധി ഭീഷണിയുമുണ്ട്. നേരത്തെ എത്തിയ മഴ ശുചീകരണ പ്രവർത്തനങ്ങളൾക്കും തിരിച്ചടിയായി. ഓടകളിലും മറ്റും വെള്ളം കെട്ടിയതും പ്രശനത്തിന്റെ വ്യാപ്തി ഇരട്ടിപ്പിക്കുകയാണ്. കൊവിഡിനൊപ്പം പകർച്ചവ്യാധികൾ കൂടിയെത്തിയാൽ കാര്യങ്ങൾ കെെവിട്ട് പോകും.
ജില്ലയിൽ ഇന്നലെ പെയ്ത മഴ (മില്ലീ മീറ്ററിൽ)
വടകര- 190
കിഴക്കൻ ഭാഗങ്ങൾ- 53
കോഴിക്കോട്- 49.5
കൊയിലാണ്ടി- 48
കൊടുവള്ളി- 26
ബാലുശ്ശേരി- 20
താമരശ്ശേരി-17