കോഴിക്കോട്: കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ തുടങ്ങിയതോടെ മൊബൈൽ ഫോൺ, ലാപ് ടോപ്പുകൾ, വൈ ഫൈ മോഡം എന്നിവയ്ക്കായി രക്ഷിതാക്കളുടെ നെട്ടോട്ടമാണ്. ലോക്ക് ഡൗണിൽ പ്രതിസന്ധിയിലായ ഡിജിറ്റൽ വിപണിയിൽ ഇതോടെ തിരക്കും വർദ്ധിച്ചു. എന്നാൽ ഉത്പ്പന്നങ്ങളുടെ
സ്റ്റോക്ക് കുറഞ്ഞത് ഇരുകൂട്ടർക്കും തിരിച്ചടിയായി. ആവശ്യക്കാർ ഏറെയുള്ള ബഡ്ജറ്ര് സ്മാർട്ട് ഫോണുകൾ, എൻട്രി ലെവൽ ലാപ് ടോപ്പുകൾ, ടാബ്‌ലെറ്റുകൾ വൈ ഫൈ മോഡം എന്നിവയൊന്നും വിപണിയിലില്ല. ഓൺലൈൻ സ്റ്റോറുകളിലും ഉത്പ്പന്നങ്ങൾ കുറവ്. ഇറക്കുമതി കുറഞ്ഞതും കൊവിഡ് ഭീതിയിൽ ഷോപ്പുകൾ സ്റ്രോക്കെടുപ്പ് കുറച്ചതും ഡിജിറ്റൽ ഉത്പ്പന്നങ്ങളുടെ ലഭ്യതയെ ബാധിച്ചു. ഉപയോഗിച്ചു പഴകിയ മൊബൈലുകളും ലാപ് ടോപ്പുകളും കിട്ടാനുമില്ല.
പതിനായിരം രൂപ വരെ വിലയുള്ള മൊബൈൽ ഫോണുകൾക്കാണ് ക്ഷാമം. കേരളത്തിൽ പൊതുവെ ആവശ്യക്കാർ കുറഞ്ഞിരുന്ന ടാബ്‌ലെറ്റുകൾക്ക് ഇപ്പോൾ 25,000 രൂപയ്ക്ക് മുകളിലാണ് വില. സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണ് വിലയെങ്കിലും കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ തവണ വ്യവസ്ഥയിലും മറ്രും വാങ്ങിക്കുകയാണ് പലരും. 30,000 രൂപയിൽ കുറവുള്ള ലാപ് ടോപ്പുകൾക്ക് കിട്ടാനേയില്ല. അതിനാൽ പരിമിതമായ സൗകര്യങ്ങളോടുകൂടിയ ലാപ് ടോപ്പുകൾ വാങ്ങാൻ നിർബന്ധിതരാവുകയാണ്. ആവശ്യത്തിന് സ്പെയറുകൾ ലഭ്യമല്ലാത്തതിനാൽ ലാപ്പ് ടോപ്പും കമ്പ്യൂട്ടറും മൊബൈലുമെല്ലാം സർവീസിന് കൊടുത്തവർ കുടുങ്ങികിടപ്പാണ്. ഇന്റർനെറ്റ് ലഭ്യതക്കുറവും ചില ഡി.ടി.എച്ചുകളിൽ വിക്ടേഴ്സ് ചാനലുകൾ കിട്ടാത്തതും മഴയിൽ വൈദ്യുതി മുടങ്ങുന്നതും വിദ്യാർത്ഥികൾക്ക് തിരിച്ചടിയായി. ബി.എസ്.എൻ.എല്ലിന്റെ ഇന്റർനെറ്റ് കണക്ഷന് ശ്രമം തുടങ്ങിയവരോട് മോഡം ഇല്ലെന്നും മറ്റുമുള്ള കരാറുകാരുടെ നിസ്സഹായത പ്രതിസന്ധി കൂട്ടുന്നു.