കോഴിക്കോട്; നിരത്തി വച്ചിരിക്കുന്ന പുസ്തകങ്ങൾ, ഡോറാ ബുജിയുടെയും സ്കൂബി ഡേയുടെയും ബാഗുകൾ, പലതരം വാട്ടർ ബോട്ടിലുകൾ, പെൻസിലുകൾ.. മിഠായി തെരുവിലെ ഒയാസിസിലെ കാഴ്ചകൾക്ക് നിറംപകരാൻ പക്ഷെ, അച്ഛനമ്മമാരുടെ കൈപിടിച്ചെത്തുന്ന കുറുമ്പുകാരില്ല. ആളനക്കം കുറഞ്ഞ കടകളിൽ വല്ലപ്പോഴുമെത്തുന്ന ഒന്നോ രണ്ടോ പേർ. സാധാരണ അദ്ധ്യയന വർഷം തുടങ്ങുന്നതിന് ഒരു മാസം മുമ്പെ സ്കൂൾ വിപണി ഉണരും. എന്നാൽ കൊവിഡ് എല്ലാം തകിടംമറിച്ചു. ലോക്ക് ഡൗണിൽ ക്ലാസുകൾ ഒാൺലൈനായതോടെ ബാഗുകളും കുടകളും ആർക്കും വേണ്ട. രണ്ടു വരി കോപ്പി, നാലു വരി കോപ്പി,100 പേജുള്ള നോട്ടുപുസ്തകങ്ങൾ, പെൻസിൽ എന്നിവയ്ക്കാണ് ചിലരെങ്കിലും എത്തുന്നത്.
സ്കൂൾ വിപണി മുന്നിൽ കണ്ട് മാസങ്ങൾക്കു മുമ്പെ കുടകളും ബാഗുകളും പുസ്തകങ്ങളും എത്തിച്ചിരുന്നതായി വർഷങ്ങളായി ഒയാസിസിൽ പുസ്തകം കച്ചവടം ചെയ്യുന്ന ജോഷി പോൾ പറയുന്നു. പഠനം ഓൺലൈൻ വഴിയാണെങ്കിലും നോട്ടുപുസ്തകത്തിനും മറ്റുമായി ആളുകൾ എത്തുന്നതിനാൽ ഇന്നലെ മുതൽ ചെറിയ കച്ചവടം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
റെയിൻ കോട്ടാണ് താരം
വിപണിയിലെ ഇപ്പോഴത്തെ താരം റെയിൻ കോട്ടുകളാണ്. മഴ കനത്തതോടെ സാമൂഹിക അകലം മറന്ന് പലരും കോട്ടു വാങ്ങിക്കുന്ന തിരക്കിലാണ്. ലോക്ക് ഡൗൺ ഇളവും റെയിൻ കോട്ട് വിപണിയെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. 690 രൂപ മുതലാണ് കോട്ടുകളുടെ വില. നൈലോൺ കോട്ടുകൾക്ക് 1200 രൂപ വരെ വില വരും. ചില കച്ചവടക്കാർ കഴിഞ്ഞ വർഷത്തെ കോട്ടുകൾ കുറഞ്ഞ വിലയ്ക്കു വിൽക്കുന്നുണ്ട്. സാമ്പത്തിക പ്രശ്നം കാരണം പഴയ കോട്ടുകളെ ആശ്രയിക്കുന്നവരും കുറവല്ല. ഒരു ദിവസം 200 ഒാളം കോട്ടുകൾ വിറ്റുപോകുന്നതായി മുജീബ് പറയുന്നു.