കോഴിക്കോട്: സ്കൂൾ പഠനം ഓൺലൈനിലേക്ക് മാറിയതോടെ സ്‌കൂളിൽ ലഭിച്ചിരുന്ന സൗകര്യങ്ങൾ നഷ്ടപ്പെട്ട ഭിന്നശേഷിക്കാർക്ക് സമഗ്ര ശിക്ഷാ കോഴിക്കോട് 'രസക്കുടുക്ക" എന്ന പേരിൽ പദ്ധതി തയ്യാറാക്കുന്നു.

കുട്ടികളും രക്ഷിതാക്കളും റിസോഴ്‌സ് അദ്ധ്യാപികയുമടങ്ങുന്ന ടെലഗ്രാം, വാട്‌സ് ആപ്പ് കൂട്ടായ്മയിലൂടെയാണ് പഠന പിന്തുണ ഉറപ്പാക്കുക. പൊതുവിദ്യാഭ്യാസ വകുപ്പ് വിക്ടേഴ്‌സ് ചാനൽ വഴി പ്രക്ഷേപണം ചെയ്യുന്ന 'ഫസ്റ്റ്‌ ബെൽ" ക്ലാസുകൾ ഭിന്നശേഷി കുട്ടികൾക്ക് കൂടി സ്വീകാര്യമായ രീതിയിൽ നൽകുകയാണ് രസക്കുടുക്കയുടെ ലക്ഷ്യം.

ലോക്ക് ഡൗൺ കാലത്ത് ഫറോക്ക്, പേരാമ്പ്ര, മാവൂർ, പന്തലായനി, വടകര ബി.ആർ.സികൾ ഭിന്നശേഷി കുട്ടികൾക്കായി നടപ്പിലാക്കി വിജയിച്ച ഓൺലൈൻ പരിപാടികളുടെ ജില്ലാതല രൂപമാണ് രസക്കുടുക്ക.

ജില്ലയിലെ 15 ബി.ആർ.സികളിലും രസക്കുടുക്ക പ്രവർത്തനങ്ങൾ നടപ്പാക്കും.ജില്ലാ റിസോഴ്‌സ് ഗ്രൂപ്പ് രൂപീകരിക്കും. ഓരോ ബി.ആർ.സിയിൽ നിന്നും ഐ.ഇ.ഡി.സി ചുമതലയുള്ള ട്രെയിനറും സെക്കൻഡറി വിഭാഗത്തിൽ നിന്നും എലിമെന്ററി വിഭാഗത്തിൽ നിന്നും ഓരോ റിസോഴ്‌സ് അദ്ധ്യാപകർ വീതവും അംഗങ്ങളായിരിക്കും.
മുഴുവൻ ബി.ആർ.സികളിലും നടക്കേണ്ട പ്രവർത്തനങ്ങളുടെ പൊതുസ്വഭാവം, ഏകോപനം, അക്കാഡമിക ചർച്ചകൾ, പാഠ്യപദ്ധതി സമീപനം എന്നിവ നിശ്ചയിക്കുന്നത് ഈ ഗ്രൂപ്പായിരിക്കും. ഐ.ഇ.ഡി.സി ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. എ. കെ. അനിൽകുമാറിനാണ് ഏകോപന ചുമതല.

 രസക്കുടുക്കയുടെ ലക്ഷ്യം

# 'ഫസ്റ്റ്‌ബെൽ' ഭിന്നശേഷി കുട്ടികൾക്കു കൂടി പ്രാപ്യമാക്കുക

# ഭിന്നശേഷി കുട്ടികളുടെ ഭാവന, സർഗാത്മകത, പഠനാഭിമുഖ്യം എന്നിവ രക്ഷിതാക്കളുടെയും അക്കാഡമിക പ്രവർത്തകരുടെയും പിന്തുണയോടെ പരിപോഷിപ്പിക്കുക.
#ഭിന്നശേഷി കുട്ടികളെ മുഖ്യധാരയിലേക്ക് നയിക്കുക
# ഓൺലൈൻ ക്ലാസുകൾ സാങ്കേതിക സൗകര്യങ്ങളില്ലാത്ത കുട്ടികൾക്കും ലഭ്യമാക്കുക.

 പ്രവർത്തനം ഇങ്ങനെ

കുട്ടികളും രക്ഷിതാക്കളും റിസോഴ്‌സ് അദ്ധ്യാപികയുമടങ്ങുന്ന വാട്‌സ് ആപ്പ് , ടെലഗ്രാം കൂട്ടായ്മയാണ് രസക്കുടുക്ക. ഒരു ബി.ആർ.സിയിൽ എത്ര ആർ.ടിമാരുണ്ടോ അത്രയും രസക്കുടുക്ക ഗ്രൂപ്പുകൾ ഉണ്ടായിരിക്കും. ഓൺലൈൻ പിന്തുണയും പ്രചോദനവും ആവശ്യമുള്ള കുട്ടികളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. ഒരു ആർ.ടിയുടെ ഗ്രൂപ്പിൽ 10 മുതൽ 15 വരെ കുട്ടികളെ അംഗങ്ങളാക്കാം. ഓരോ ദിവസത്തെയും ഫസ്റ്റ്ബെൽ പ്രവർത്തനം ജില്ല, ബി.ആർ.സി റിസോഴ്‌സ് ഗ്രൂപ്പിന്റെ ചർച്ചയുടെ അടിസ്ഥാനത്തിൽ ക്രോഡീകരിച്ച് പിറ്റേന്നു രാവിലെ പത്ത് മണിയോടെ രസക്കുടുക്ക ഗ്രൂപ്പിൽ പങ്കുവെയ്ക്കും. കുട്ടികൾ രക്ഷിതാക്കളുടെയും ആർ.ടിയുടെയും പിന്തുണയോടെ പ്രവർത്തനം പൂർത്തീകരിച്ച് രാത്രി എട്ട്മണിയോടെ ഗ്രൂപ്പിൽ പങ്കുവയ്ക്കണം

കുട്ടിയുടെ സർഗാത്മകതയും ജീവിത നൈപുണികളും മാനവിക മൂല്യങ്ങളും പരിപോഷിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടത്തും. രക്ഷിതാക്കൾക്കും കുട്ടികൾക്കും ആത്മവിശ്വാസവും പ്രചോദനവും ലഭിക്കുന്ന രീതിയിൽ പ്രഗത്ഭരെ ഉപയോഗിച്ച് തയ്യാറാക്കുന്ന റെക്കോർഡ് ചെയ്ത സംഭാഷണങ്ങൾ എന്നിവ ഉണ്ടാകും.