politc
രാമനാട്ടുകര നഗരസഭാ വൈസ് ചെയർപേഴ്‌സൺ പി.കെ.സജ്‌ന നഗരസഭാ സെക്രട്ടറി പി.ജെ.ജസിതയ്ക്ക് രാജിക്കത്ത് നൽകുന്നു

രാമനാട്ടുകര: രാമനാട്ടുകര നഗരസഭാ വൈസ് ചെയർപേഴ്‌സൺ പി.കെ.സജ്‌ന രാജിവെച്ചു. നഗരസഭാ യോഗം ചേരുന്നതിന് പത്തുമിനിട്ടു മുമ്പ് നാടകീയമായി രാജി കത്ത് നഗരസഭാ സെക്രട്ടറി പി.ജെ.ജസിതയ്ക്കു നൽകുകയായിരുന്നു. യോഗത്തിന്റെ തുടക്കത്തിൽ സെക്രട്ടറി രാജി കത്ത് അവതരിപ്പിച്ചു. വൈസ് ചെയർപേഴ്‌സൺ സ്ഥാനം രാജി വെച്ചതിനെ തുടർന്ന് അവിശ്വാസ പ്രമേയ നോട്ടീസിൽ ചർച്ച നടക്കാതെ യോഗം പിരിഞ്ഞു. വൈസ് ചെയർപേഴ്സണനെതിരെ ഭരണകക്ഷികൾ തന്നെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചർച്ച ചെയ്യുന്നതിന് ഇന്നലെ രാവിലെ 11 നാണ് യോഗം നിശ്ചയിച്ചത്. ഭരണപക്ഷത്തുനിന്നുള്ള എൽ.ഡി എഫിലെ 16 കൗൺസിലർമാരും യോഗത്തിന് ഹാജരായിരുന്നു. അതെസമയം യോഗത്തിൽ ഇരിപ്പിടമൊരുക്കിയത് ലോക്ക് ഡൗൺ നിയമങ്ങൾ പാലിക്കാതെയാണെന്ന് കാണിച്ച് യു.ഡി എഫ് അംഗങ്ങൾ യോഗം ബഹിഷ്ക്കരിച്ചു. ഈ വിവരം ജില്ലാ കളക്ടറേയും വരണാധികാരിയേയും അറിയിച്ചിരുന്നതായും നേതാക്കൾ പറഞ്ഞു. 15 സി.പി.എമ്മും ഒരു സി.പി ഐയും സി.പി.ഐ സ്വതന്ത്രയായ പി.കെ.സജ്നയും ഉൾപ്പെടെ 17 എൽ.ഡി.എഫും 14 യു.ഡി.എഫ് കൗൺസിലർമാരുമാണ് രാമനാട്ടുകര നഗരസഭയിലുള്ളത്. 31ാം വാർഡ് പള്ളിമേത്തലിൽ നിന്നുള്ള കൗൺസിലറാണ് സജ്ന. ഭരണകക്ഷിയിൽ പെട്ട വൈസ് ചെയർപേഴ്‌സൺ ഭരണ സമിതി തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ കാണിക്കുന്ന വിയോജിപ്പിൽ പ്രതിഷേധിച്ചാണ് എൽ.ഡി.എഫിലെ 16 അംഗങ്ങൾ ഒപ്പിട്ട അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. നഗരകാര്യ റീജ്യണൽ ജോയിന്റ് ഡയറക്ടർ കെ.പി.വിനയൻ യോഗ നടപടികൾ നിയന്ത്രിച്ചു. ഫറോക്ക് സി.ഐ ​കെ.കൃഷ്ണന്റെ നേതൃത്വത്തിൽ വൻ പൊലീസ് സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. അഴിമതിക്കും സ്വജന പക്ഷപാതത്തിനും കൂട്ടുനിൽക്കാനാവില്ലെന്നും അതിനാലാണ് അവിശ്വാസം ചർച്ച ചെയ്യുന്നതിനു മുമ്പേ രാജിവെച്ചതെന്നും പി.കെ സജ്ന പ്രതികരിച്ചു.