വടകര: ഏറാമല സർവീസ് സഹ.ബാങ്ക് പഞ്ചായത്തിലെ 8000 വീടുകളിൽ നടപ്പാക്കുന്ന ' എല്ലാ വീട്ടിലും അടുക്കളത്തോട്ടം ' പദ്ധതിയുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. കൊവിഡ് -19ന്റെ പ്രത്യാഘാതങ്ങളുടെ കരുതലായി ഓരോ വീട്ടിലും സ്വയം പര്യാപ്തമായ പച്ചക്കറി തോട്ടം നിർമ്മിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി നിർവഹണത്തിനായി വാർഡ് മെമ്പർ, സി.ഡി.എസ് മെമ്പർ, ബാങ്ക് ഡയറക്ടർ, ബാങ്ക് സ്റ്റാഫ് എന്നിവർ ഭാരവാഹികളായി ഏഴംഗ മേൽനോട്ട സമിതിയും, 50 വീടുകൾക്ക് ഓരോ കൃഷി സമിതിയും രൂപീകരിച്ചു. വീടുകളിൽ ചീര, വെണ്ട, മുളക്, കുറ്റിപ്പയർ, വഴുതിന എന്നിവയുടെ വിത്തുകളും കുമ്മായം, ന്യൂട്രിഫിഷ്, ജൈവമിത്രവളം, സ്യൂഡോമോണോസ് ആൻഡ് സ്‌പ്രെയർ എന്നിവയും വിതരണം ചെയ്യും. 10 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിലൂടെ ഏറാമല ഗ്രാമം ജൈവ പച്ചക്കറി ഗ്രാമമാക്കി മാറ്റും. ബാങ്ക് ഓഡിറ്റോറിയത്തിൽ ചെയർമാൻ മനയത്ത് ചന്ദ്രന്റെ അദ്ധ്യക്ഷതിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കെ ഭാസ്‌കരൻ വിത്ത് വിതരണവും അസിസ്റ്റന്റ് രജിസ്ട്രാർ എ.കെ അഗസ്തി സ്പ്രെയർ വിതരണവും അസിസ്റ്റന്റ് രജിസ്ട്രാർ ഇൻ ചാർജ്ജ് കെ. എം ചന്ദ്രൻ വളം വിതരണവും നിർവഹിച്ചു. വിരമിച്ച ജോയിന്റ് രജിസ്ട്രാർ വി.കെ രാധാകൃഷ്ണൻ, അസിസ്റ്റന്റ് രജിസ്ട്രാർ സി.കെ സുരേഷ് എന്നിവർക്ക് യാത്രയയപ്പ് നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.സി.നിഷ, കൃഷി ഓഫീസർ ആർ.അഞ്ജന എന്നിവർ പ്രസംഗിച്ചു. വൈസ് ചെയർമാൻ പി.കെ. കുഞ്ഞിക്കണ്ണൻ സ്വാഗതവും ജനറൽ മാനേജർ ടി.കെ .വിനോദൻ നന്ദിയും പറഞ്ഞു.