വടകര: കൊവിഡ് കൊടുങ്കാറ്റിൽ മുടങ്ങിയ കല്ല്യാണച്ചടങ്ങുകൾ മെല്ലെ തിരിച്ചെത്തുകയാണെങ്കിലും നാട്ടിൻപുറങ്ങളിലെ പയറ്റിന്റെ പ്രശ്നം ബാക്കി.

മറ്റു പലർക്കായി കൊടുത്തത് തിരച്ചുകിട്ടാനുള്ള ഇടപാടുൾപ്പെടെ കണക്കൂട്ടിയായിരിക്കും സാധാരണ കുടുംബങ്ങളിലെ കല്ല്യാണം. പക്ഷേ, ആൾക്കൂട്ടം അടുത്തൊന്നും പറ്റില്ലെന്ന അവസ്ഥയിൽ കല്ല്യാണവീടുകളിലെ പണപ്പയറ്റിന് പുതുവഴി തേടേണ്ട ആലോചനകളും ഉയരുകയാണ്. ഇനി ക്ഷണക്കത്തുകളിൽ ബാങ്ക് അക്കൗണ്ട് നമ്പർ കൂട്ടിച്ചേർത്താലും അത്ഭുതപ്പെടേണ്ടതില്ല. ഇടപാടു തീർക്കുന്നതും പുതിയത് തുറന്നുവെക്കുന്നതും ഓൺലൈനിലൂടെയാവാം. ആളുകൾക്ക് വരാനായില്ലെങ്കിലും ഇടപാട് മുടങ്ങില്ലെന്നു ചുരുക്കം.

കല്ല്യാണത്തിനുള്ള ക്ഷണക്കത്തിൽ തലേന്നത്തെ ചായസൽക്കാരത്തിന്റെ കാര്യം പറഞ്ഞില്ലെങ്കിൽ പോലും പണപ്പയറ്റെന്ന അലിഖിത ആചാരം ഒട്ടെല്ലായിടത്തുമുണ്ട്. വലിയ നാട്ടുകൂട്ടായ്മയിലൂടെ പിറന്ന പണപ്പയറ്റ് നാട്ടിൻപുറങ്ങളിലെ സഹകരണത്തിന്റെ മാതൃകയായി മാറുകയായിരുന്നു. വിവാഹത്തലേന്ന് കിട്ടുന്ന കവറുകളുടെ മൂല്യം സാധാരണക്കാരുടെ വീടുകളിലെ ചടങ്ങിന് കാര്യമായ താങ്ങാവാറുണ്ട്. ഇങ്ങനെ കിട്ടുന്ന തുക പ്രതീക്ഷിച്ച് സ്വർണാഭരണങ്ങൾ കടം പറഞ്ഞ് വാങ്ങുന്നവർ കുറച്ചൊന്നുമല്ല. കല്ല്യാണച്ചടങ്ങിന് തൊട്ടുപിറകെ കടം വീട്ടുകയാണ് പതിവ്.

കൊവിഡ് പടർന്നതോടെ പക്ഷേ, എല്ലാം തകിടം മറിഞ്ഞു. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ നിശ്ചയിച്ച കല്ല്യാണങ്ങളിൽ നല്ലൊരു പങ്കും നീട്ടിവെച്ചു. പുതിയ ഇളവു വരുന്നതു വരെ കല്ല്യാണത്തിനു ഇരുപത് പേർ മാത്രമെ പങ്കെടുക്കാവൂ എന്നായിരുന്നു. ഇപ്പോഴത് അൻപതായി. ഇനി ചടങ്ങുകൾ സാധാരണ മട്ടിലേക്ക് എത്താൻ മാസങ്ങൾ കുറേ വേണ്ടി വന്നേക്കാം. പയറ്റ് പരമ്പരാഗതരീതിയിൽ തന്നെ നടക്കാൻ അത്രയും കാലം കാത്തിരിക്കേണ്ടി വരും.

ആയിരം രൂപ കൊടുത്തയാൾക്ക് രണ്ടായിരം തിരിച്ചുകൊടുത്ത് ബന്ധം നിലനിറുത്തുന്നതാണ് പലപ്പോഴും നാട്ടിൻപുറങ്ങളിലെ പണപ്പയറ്റ് ബന്ധം. കൊടുത്തതിന്റെ ഇരട്ടി തിരിച്ച് കിട്ടുമെന്നത് ഒരാചാരവുമായി. ഇത്തരത്തിൽ മറ്റുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റി തനിക്കു നാളേക്കുവേണ്ടിയുള്ള വകയ്ക്ക് വഴി തുറക്കുക കൂടിയായിരുന്നു നാട്ടിൻപുറത്തുകാർ.

പലയിടത്തും മുമ്പത്തേതിനേക്കാൾ പ്രതാപത്തോടെ വിവാഹച്ചടങ്ങുകൾക്കു മാത്രമല്ല, ഗൃഹപ്രവേശത്തിനും പയറ്റ് സ്ഥാനം പിടിച്ചിട്ടുണ്ട്. ലോക് ഡൗൺ കാരണം മുടങ്ങിയ ഗൃഹപ്രവേശവും വിവാഹങ്ങളും നിരവധിയാണ്. നീട്ടിവെച്ചവരൊക്കെയും മഴക്കാലം കഴിഞ്ഞ് സെപ്തംബറിലും ഒക്ടോബറിലും മറ്റുമാണ് തീയതി കണ്ടിട്ടുള്ളത്. അപ്പോഴും ആൾക്കൂട്ടം പറ്റില്ലെന്നാണെങ്കിൽ പിന്നെ പയറ്റും ഓൺലൈനിലായിക്കൂടേ എന്ന ചിന്ത പടർന്നുതുടങ്ങിയിരിക്കുകയാണ് ഇപ്പോൾ.