കൽപ്പറ്റ: വയനാട് മണ്ഡലത്തിലെ ആദിവാസി വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനസൗകര്യമൊരുക്കാൻ രാഹുൽഗാന്ധി എം പി. സഹായ സന്നദ്ധത അറിയിച്ചു. സംസ്ഥാനത്ത് ഓൺലൈൻ വിദ്യാഭ്യാസം ആരംഭിച്ചിട്ടും ആദിവാസി വിഭാഗത്തിൽപ്പെട്ട നിരവധി വിദ്യാർത്ഥികൾക്ക് അതിനുള്ള സൗകര്യമില്ലാത്തത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് രാഹുൽഗാന്ധിയുടെ ഇടപെടൽ. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും വയനാട് ജില്ലാകലക്ടർക്കും രാഹുൽഗാന്ധി കത്തയച്ചു.
ഓൺലൈൻ പഠന സൗകര്യമില്ലാത്ത ആദിവാസി വിദ്യാർത്ഥികളുടെ വിവരങ്ങൾ നൽകാൻ ജില്ലാകലക്ടറോട് കത്തിൽ രാഹുൽഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്. ആദിവാസിവിഭാഗങ്ങൾ താമസിക്കുന്ന ഉൾപ്രദേശങ്ങളിലും മറ്റും സ്മാർട്ട്‌ഫോൺ, കമ്പ്യൂട്ടറുകൾ, ഇന്റർനെറ്റ് എന്നിവയുടെ അഭാവം മനസിലാക്കാൻ സാധിച്ചതായും ഇതിന് പരിഹാരം കാണാൻ എല്ലാവിധ സഹായവും പിന്തുണയുമുണ്ടാകുമെന്നും രാഹുൽ കത്തിൽ പറഞ്ഞു. ഓൺലൈൻ പഠനസൗകര്യത്തിന്റെ അഭാവം പട്ടികവർഗ മേഖലയിലെ വിദ്യാർത്ഥികളുടെ വലിയ രീതിയിലുള്ള കൊഴിഞ്ഞുപോക്കിന് ഇടനൽകുമെന്നും രാഹുൽ കത്തിൽ പരാമർശിക്കുന്നുണ്ട്.
വയനാട്ടിൽ ഒന്ന് മുതൽ 10 വരെ ക്ലാസുകളിലായി പഠിക്കുന്ന 28000 വിദ്യാർഥികളിൽ പതിനായിരത്തിലധികം കുട്ടികൾക്ക് പഠനസൗകര്യമില്ലെന്നാണ് കണക്കാക്കുന്നത്.