കോഴിക്കോട്: 'ഫസ്റ്റ്‌ബെൽ" ഓൺലൈൻ പഠനത്തിന് സാഹചര്യമില്ലാത്ത വിദ്യാർത്ഥികൾക്കായി 317 പൊതുകേന്ദ്രങ്ങൾ സജ്ജമാക്കാൻ ജില്ലാ വിദ്യാഭ്യാസ സമിതി തീരുമാനിച്ചു. വായനശാലകൾ, ഊരുവിദ്യാ കേന്ദ്രങ്ങൾ, അംഗണവാടികൾ, പ്രതിഭാകേന്ദ്രങ്ങൾ, അക്ഷയ സെന്ററുകൾ തുടങ്ങിയ സ്ഥാപനങ്ങളിലാണ് ഓൺലൈൻ കേന്ദ്രങ്ങൾ ഒരുക്കുന്നത്. സാങ്കേതിക ഉപകരണങ്ങൾ ലഭ്യമാക്കാൻ തദ്ദേശസ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. ബി.ആർ.സികൾ, സ്‌കൂളുകൾ എന്നിവിടങ്ങളിലെ ഉപകരണങ്ങളും താത്കാലികമായി ഉപയോഗിക്കാം.
പഠനകേന്ദ്രങ്ങളുടെ മേൽനോട്ടം സമീപത്തെ പ്രൈമറി സ്‌കൂൾ അദ്ധ്യാപകർക്കായിരിക്കും. മുഴുവൻ കുട്ടികൾക്കും വിക്ടേഴ്‌സ് ക്ലാസുകൾ ലഭിക്കുന്നുണ്ടെന്ന് പ്രധാനാദ്ധ്യാപകർ ഉറപ്പാക്കും. സെന്ററുകളുടെ പ്രവർത്തനം എ.ഇ.ഒ, ബി.പി.സി, അക്കാഡമിക് കോ-ഓർഡിനേറ്റർ എന്നിവർ മോണിറ്റർ ചെയ്യണം. കുട്ടികൾക്ക് ക്ലാസ് ലഭിച്ചെന്ന് ഉറപ്പാക്കേണ്ടതും സംശയങ്ങൾക്ക് മറുപടി പറയേണ്ടതും അദ്ധ്യാപകരുടെ ചുമതലയാണ്.
ടി.വി ഉണ്ടായിട്ടും വിക്ടേഴ്‌സ് ചാനൽ ലഭിക്കുന്നില്ലെന്ന പരാതി ഉടൻ പരിഹരിക്കും. ചാനൽ ലഭ്യമാവുന്ന കണൻ നൽകണമെന്ന് കേബിൾ ഓപ്പറേറ്റർമാർക്ക് കളക്ടർ ഉത്തരവ് നൽകും. കളക്ടറുടെ ചേമ്പറിൽ നടന്ന ജില്ലാ വിദ്യാഭ്യാസ സമിതി യോഗത്തിൽ കളക്ടർ എസ്. സാംബശിവ റാവു, വിദ്യാഭ്യാസ ഉപഡയറക്ടർ വി.പി. മിനി, ഹയർ സെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഗോഗുല കൃഷ്ണൻ, സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ ഡോ. എ.കെ. അബ്ദുൾ ഹക്കീം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ ബി. മധു, ഡയറ്റ് സീനിയർ ലക്ചറർ യു.കെ. അബ്ദുൾ നാസർ എന്നിവർ പങ്കെടുത്തു.