കോഴിക്കോട്: ഹരിത കേരള മിഷന്റെ പ്രവർത്തനത്തിനായി നിറവ് സീറോ വേസ്റ്റ് മാനേജ്മെന്റ് വേങ്ങേരിയെ ഉപയോഗിക്കുന്നത് സംബന്ധിച്ച് കോർപറേഷൻ കൗൺസിൽ യോഗത്തിൽ ബഹളം. നിറവിന്റെ പ്രവർത്തനം കാര്യക്ഷമല്ലെന്നും കൺസൾട്ടൻസിയുടെ ആവശ്യമില്ലെന്നും യു.ഡി.എഫ് - ബി.ജെ.പി അംഗങ്ങൾ പറഞ്ഞു. എന്നാൽ പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ ആരോപണമാണെന്നും നിലവിലെ പ്രവർത്തനത്തിന് നിറവിന്റെ സേവനം വേണമെന്നും ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.വി. ബാബുരാജ് പറഞ്ഞു.
എന്നാൽ ചിലയിടങ്ങളിൽ യോഗം ചേർന്നതല്ലാതെ നിറവ് കാര്യമായി ഇടപെടുന്നില്ലെന്ന് യു.ഡി.എഫ് അംഗം കെ.സി. ശോഭിത ആരോപിച്ചു. മാസത്തിൽ 1.62 ലക്ഷം രൂപ നൽകുന്നത് അംഗീകരിക്കാനാകില്ലെന്ന് അവർ പറഞ്ഞു. തുടർന്ന് ബി.ജെ.പി കൗൺസിൽ പാർട്ടി ലീഡർ നമ്പിടി നാരായണൻ, പ്രതിപക്ഷ ഉപനേതാവ് സി. അബ്ദുറഹിമാൻ എന്നിവർ ആരോപണം ശക്തമാക്കി.
നിറവിന്റെ പ്രവർത്തനം പരിശോധിക്കാമെന്നും തൃപ്തികരമാണെങ്കിൽ തുടരാൻ അനുവദിക്കാമെന്നും മേയർ തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞെങ്കിലും പ്രതിപക്ഷം അംഗീരിച്ചില്ല. തുടർന്ന് സംസാരിച്ച കെ.വി. ബാബുരാജ് അജണ്ട പാസാക്കണമെന്ന് പറഞ്ഞു. തുടർന്ന് 21നെതിരെ 48 വോട്ടുകൾക്ക് അജണ്ട പാസായി.