കോഴിക്കോട്: വൈറസ് ബാധ ഒഴിഞ്ഞു നിന്ന ഒരു ദിവസത്തിനു പിറകെ ജില്ലയിൽ ഇന്നലെ അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് പോസിറ്റീവായ കോഴിക്കോട് സ്വദേശികളുടെ എണ്ണം 71 ആയി. 32 പേർ ഇതിനകം രോഗമുക്തരായതാണ്. ഇപ്പോൾ 38 പേർ ചികിത്സയിലുണ്ട്.

ചെന്നൈയിൽ നിന്നെത്തിയ മൂന്നു പേർക്കും മംഗലാപുരത്ത് നിന്നെത്തിയ ഒരാൾക്കും അബുദാബിയിൽ നിന്നെത്തിയ ഒരു പ്രവാസിയ്ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇവരിൽ മൂന്നു പേർ കുറ്റ്യാടി സ്വദേശികളാണ്. കൂരാച്ചുണ്ട് സ്വദേശിയായ 24 കാരനും നരിപ്പറ്റ സ്വദേശിയായ 43കാരനുമാണ് മറ്റു രണ്ടു പേർ.
ആദ്യത്തെ രണ്ടു പേർ മേയ് 14 ന് ഇന്നോവ കാറിൽ ചെന്നൈയിൽ നിന്ന് കുറ്റ്യാടിയിലെത്തി നിരീക്ഷണത്തിലായിരുന്നു. കൂടെ വന്ന വ്യക്തി പോസിറ്റീവായതിനെ തുടർന്ന് ഇവരുടെയും സ്രവ പരിശോധന നടത്തിയതായിരുന്നു. ഇരുവരും ഇപ്പോൾ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽ ചികിത്സയിലാണ്.
കുറ്റ്യാടി സ്വദേശിയായ മൂന്നാമത്തെയാൾ മേയ് 18 ന് ബൈക്കിൽ മംഗലാപുരത്ത് നിന്നു കുറ്റ്യാടിയിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ കണ്ടതോടെ സ്രവപരിശോധന നടത്തുകയായിരുന്നു. ഇപ്പോൾ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ ചികിത്സയിലാണ്.
കൂരാച്ചുണ്ട് സ്വദേശി മേയ് 21 ന് ചെന്നൈ കോടമ്പാക്കത്തു നിന്നു നാട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. 29 ന് രോഗലക്ഷണങ്ങൾ കണ്ടതോടെ നടത്തിയ സ്രവപരിശോധന യിലാണ് പോസിറ്റീവെന്ന് സ്ഥിരീകരിച്ചത്.
നരിപ്പറ്റ സ്വദേശി മേയ് 28ന് അബുദാബി - കൊച്ചി വിമാനത്തിൽ നെടുമ്പാശ്ശേരിയിലിറങ്ങിയ ശേഷം സർക്കാർ സജ്ജമാക്കിയ വാഹനത്തിൽ കോഴിക്കോട് എത്തി കൊറോണ കെയർ സെന്ററിൽ നിരീക്ഷണത്തിൽ കഴിയുകയുമായിരുന്നു. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. അഞ്ച് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.


നിരീക്ഷണത്തിൽ
635 പേർ കൂടി
ജില്ലയിൽ ഇന്നലെ പുതുതായി വന്ന 635 പേർ ഉൾപ്പെടെ ആകെ 7865 പേർ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി.ജയശ്രീ അറിയിച്ചു. ഇതുവരെ 31,374 പേർ നിരീക്ഷണം പൂർത്തിയാക്കി. ഇന്നലെ പുതുതായി വന്ന 30 പേർ ഉൾപ്പെടെ 123 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 93 പേർ മെഡിക്കൽ കോളേജിലും 30 പേർ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 14 പേ‌ർ ഡിസ്ചാര്‍ജ്ജായി.

പ്രവാസികൾ

2693 പേ‌ർ

ജില്ലയിൽ ഇന്നലെ വന്ന 219 പേർ ഉൾപ്പെടെ ആകെ 2,693 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 726 പേർ ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് കെയർ സെന്ററുകളിലും 1931 പേർ വീടുകളിലും 36 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 114 പേർ ഗർഭിണികളാണ്.