valavu
അദ്ധ്യാപകരുടെ കൂട്ടായ്മയിൽ നിർമ്മിച്ച 'വളവ്' ഹ്രസ്വചിത്രത്തിന്റെ പോസ്റ്റർ

കുറ്റ്യാടി: ലോക്ക് ഡൗണിനിടെ തുടങ്ങിയ പുത്തൻ അദ്ധ്യയന വർഷത്തിൽ അദ്ധ്യാപക കൂട്ടായ്മയിലൂടെ പിറന്ന 'വളവ്" ഹ്രസ്വചിത്രം വമ്പൻ ഹിറ്റായി.

സ്‌കൂളിൽ നിന്ന് ഓൺലൈൻ ക്ലാസ് മുറികളിലേക്ക് ഒതുങ്ങേണ്ടി വന്ന കുട്ടികൾക്ക് അതിജീവനത്തിന്റെ പുത്തൻ സന്ദേശം നൽകുകയാണ് 'വളവ്". സ്‌കൂളിൽ പതിവായി വൈകിയെത്തുന്ന അദ്ധ്യാപകന്റെ മാനസിക സംഘർഷങ്ങൾ ലളിതമായി ഒപ്പിയെടുക്കുകയാണ് ചിത്രം. അപകടം തുടർക്കഥയായ കൂളിവളവ് കടക്കാൻ ഭയപ്പെടുന്ന അദ്ധ്യാപകനും പേടിയില്ലാതെ സൈക്കിളിൽ വളവ് കടക്കുന്ന കുട്ടിയുമാണ് ഇതിവൃത്തം.

വിദ്യാരംഗം കലാ സാഹിത്യ വേദി കുന്നുമ്മൽ ഉപജില്ലാ കമ്മിറ്റിയാണ് 'വളവ്" ഒരുക്കിയത്. ജയൻ തിരുമനയുടേതാണ് കഥ. പുന്നശ്ശേരി എ.യു.പി സ്‌കൂൾ അദ്ധ്യാപകൻ വിനോദ് പാലങ്ങാടാണ് സംവിധായകൻ. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ അദ്ധ്യാപകനെ അവതരിപ്പിച്ചതും വിനോദാണ്.

നിട്ടൂർ എൽ.പി.സ്‌കൂൾ അദ്ധ്യാപൻ പി.പി. ദിനേശനാണ് ചിത്രം നിർമ്മിച്ചത്. പ്രസാദ് ശങ്കർ കാമറയും പ്രശാന്ത് ശങ്കർ സംഗീതസംവിധാനവും നിർവഹിച്ച ചിത്രത്തിൽ നരിപ്പറ്റ ആർ.എൻ.എം ഹയർ സെക്കൻഡറി സ്‌കൂളിലെ ചിത്രകലാ അദ്ധ്യാപകൻ വേണു ചീക്കോന്നാണ് ചമയം ഒരുക്കിയത്. സുർജിത്ത് കിനാലൂരിന്റേതാണ് സാങ്കേതിക സഹായം. വട്ടോളി നാഷണൽ എച്ച്.എസ്.എസിലെ വി. വിജേഷ്, കുറ്റ്യാടി എം.ഐ.യു.പി.എസിലെ ഷിജിന ഗിരീഷ്, റിട്ട. അദ്ധ്യാപിക കെ. കല്യാണി, നാദാപുരം ഗവ. യു.പി.എസിലെ വി.കെ. ബിന്ദു, വട്ടോളി നാഷണൽ ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ജെ.വിഷ്ണുനന്ദ എന്നിവരാണ് അഭിനേതാക്കൾ.