രോഗം ബാധിച്ചത് കെട്ടിട നിർമ്മാണത്തിനെത്തിയ അന്യസംസ്ഥാന തൊഴിലാളികൾക്ക്
സുൽത്താൻ ബത്തേരി: നാല് പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ച ബത്തേരി നഗരസഭയിലെ നാല് ഡിവിഷനുകളിൽ ജാഗ്രത നിർദ്ദേശം നൽകി. തിങ്കളാഴ്ച രാത്രിയാണ് രോഗം സ്ഥിരീകരിച്ച നാല്‌പേരെയും ആരോഗ്യ വകുപ്പും പൊലീസും ചേർന്ന് കൊവിഡ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവരുമായി അടുത്ത് സമ്പർക്കം പുലർത്തിയ 22 പേരെ ക്വാറന്റൈനിലാക്കുകയും ചെയ്തു.
വയനാട്ടിലെ ഏക ഫൈവ്സ്റ്റാർ ഹോട്ടലായ ലാഡറിന്റെ നിർമ്മാണജോലിയിലേർപ്പെട്ടിരുന്ന തൊഴിലാളികൾക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. വെസ്റ്റ് ബംഗാൾ സ്വദേശികളായ മൂന്ന് പേർക്കും ഒഡീഷ സ്വദേശിയായ ഒരാൾക്കുമാണ് രോഗബാധ. ഇവർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടതെന്ന് കരുതുന്നു.
രോഗ സ്ഥിരീകരണം ഉണ്ടായ ഉടൻ തന്നെ തൊഴിലാളികൾ താമസിച്ചിരുന്നതിന്റെ പരിസര പ്രദേശങ്ങളിലടക്കം ആരോഗ്യ വകുപ്പും ഡിവിഷൻ വികസനസമിതി പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും ജാഗ്രതാ നിർദേശം നൽകി. വീടുകളിൽ കഴിയുന്നവർ അനാവശ്യമായി പുറത്തിറങ്ങരുതെന്നും കടകൾ അടയ്ക്കാനും നിർദ്ദേശിച്ചു. ലാഡറിന്റെ നിർമ്മാണ പ്രവർത്തനം നിർത്തിവെപ്പിക്കുകയും ചെയ്തു. തൊഴിലാളികൾ പുറത്ത്‌പോകുന്നത് തടഞ്ഞുകൊണ്ട് ആരോഗ്യ വകുപ്പും പൊലീസും നിരീക്ഷണവും ആരംഭിച്ചു.
രോഗം പിടിപെട്ട നാല് പേരും മാസങ്ങളായി നിർമ്മാണം നടക്കുന്ന കെട്ടിടത്തിന്റെ സമീപത്തായി താമസിച്ചു വരികയാണ്. മഞ്ചേരിയിലെ നിർമ്മാൺ ഗ്രൂപ്പിലെ തൊഴിലാളികളായ നാല്‌പേരും കഴിഞ്ഞ നവംബറിലാണ് ഇവിടെ പണിക്കായി എത്തിയത്. 26 പേരടങ്ങുന്ന ഒരു ടീമാണ്.
ഇവരെ കൂടാതെ ലാഡറിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് 300 പേരാണ് ഉള്ളതെങ്കിലും ഇപ്പോൾ 147 തൊഴിലാളികളാണ് ഇവിടെ പണിയെടുക്കുന്നത്. വേറെ 60 തൊഴിലാളികളും റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ച മേഖലയിൽ പണിയെടുക്കുന്നുണ്ട്.
അന്യ സംസ്ഥാന തൊഴിലാളികളിലെ രോഗവ്യാപനം അറിയുന്നതിന് പരിശോധന നടത്തിയപ്പോൾ ഇപ്പോൾ രോഗം കണ്ടെത്തിയ നാല്‌പേർ അടക്കം 10 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിൽ നാല്‌പേരുടെ ഫലമാണ് കഴിഞ്ഞ ദിവസം പൊസിറ്റീവായത്.
പകർന്നത് എവിടെ നിന്നെന്ന് വ്യക്തമല്ല
ഇവർക്ക് രോഗം. കഴിഞ്ഞ മാസം 26-ന് വടക്കേഇന്ത്യയിൽ നിന്ന് ലാഡറിലേക്ക് നിർമ്മാണ സാമഗ്രികളുമായി ലോറി വന്നിരുന്നു. ലോഡ് ഇറക്കിയത് ലോഡിംഗ് തൊഴിലാളികളാണ്. ഇവരോടും ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവരോടും ക്വാറന്റൈനിൽ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
തൊഴിലാളികളുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ ലിസ്റ്റ് ആരോഗ്യ വകുപ്പ് ശേഖരിച്ച് വരികയാണ്. പൂളവയൽ, കുപ്പാടി, കാരക്കണ്ടി, മന്തൊണ്ടിക്കുന്ന്, തിരുനെല്ലി തുടങ്ങിയ സ്ഥലങ്ങളിലും ബത്തേരി പട്ടണത്തിലുമാണ് തൊഴിലാളികൾ എല്ലാ ആവശ്യങ്ങൾക്കുമായി പോയി വരുന്നത്.