മാനന്തവാടി: നഗരത്തിലെ ജനവാസ കേന്ദ്രങ്ങളിൽ കൂട്ടമായി എത്തുന്ന കുരങ്ങുകൾ നാട്ടുകാരെ പൊറുതിമുട്ടിക്കുന്നു. അതിരാവിലെയോടെ എത്തുന്ന കുരങ്ങുകൾ വൈകുന്നേരമാണ് മടങ്ങുന്നത്. വീടിന് പരിസരത്തെ പച്ചക്കറികൾ, പൂച്ചെടികൾ എന്നിവയെല്ലാം ഇവ നശിപ്പിക്കുകയാണ്, വീടുകളുടെ പരിസരത്തെ തോട്ടങ്ങളിലെത്തി കുലച്ച് തുടങ്ങിയ വാഴ, തെങ്ങ്, കുരുമുളക് വള്ളികൾ എന്നിവയും വ്യാപകമായി നശിപ്പിക്കുന്നു. ചിലപ്പോൾ വീടിനുള്ളിൽ കയറിയും നാശനഷ്ട്ടങ്ങൾ വരുത്തിവെക്കുന്നുണ്ട്. കുട്ടികൾക്ക് നേരെ അക്രമസക്തമായും കുരങ്ങ് കൂട്ടങ്ങൾ എത്താറുണ്ട്. ജില്ലയിൽ കുരങ്ങ് പനി മൂലമുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും നിരവധി പേർക്ക് കുരങ്ങ് പനി ബാധിക്കുകയും ചെയ്ത സാഹചര്യത്തിൽ ജനങ്ങളുടെ ആശങ്കയകറ്റാൻ അടിയന്തിര നടപടികൾ ഉണ്ടാവണമെന്നാണ് ആവശ്യം ഉയരുന്നത്.പരാതി നൽകിയിട്ടും അധികൃതർ സംഭവസ്ഥലം സന്ദർശിക്കാൻ പോലും തയ്യാറായില്ലെന്നും ആരോപണമുണ്ട്.