കോഴിക്കോട്: നഗരത്തിലെ തെരുവ് വിളക്കുകൾ കത്തിക്കുന്നതിന് സാദ്ധ്യമായ നടപടികളെല്ലാം സ്വീകരിക്കുന്നുണ്ടെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു. തെരുവ് വിളക്കുകൾ കത്തുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചുള്ള വിദ്യാബാലകൃഷ്ണന്റെ ശ്രദ്ധക്ഷണിക്കിലിന് കൗൺസിൽ യോഗത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.
തെരുവ് വിളക്കുകൾ കത്തിക്കുമെന്ന് പറയാൻ തുടങ്ങിയിട്ട് കാലങ്ങളായെന്നും നടപടിയുണ്ടാകുന്നില്ലെന്നും വിദ്യാബാലകൃഷ്ണൻ ആരോപിച്ചു. തെരുവ് വിളക്കുകൾ എൽ.ഇ.ഡിയാക്കുന്ന നടപടി ഫെബ്രുവരിയിൽ പൂർത്തിയാക്കുമെന്ന് പറഞ്ഞെങ്കിലും പുരോഗതി ഉണ്ടായില്ലെന്നും അവർ പറഞ്ഞു. പല ഇടങ്ങളിലും കത്താത്ത വിളക്കുകൾ സ്ഥാപിച്ചെന്ന് സി. അബ്ദുറഹ്മാൻ ആരോപിച്ചു. എന്നാൽ കർണാടക സ്റ്റേറ്റ് ഇലക്ട്രോണിക് കോർപറേഷൻ 18,000 തെരുവ് വിളക്കുകൾ സ്ഥാപിച്ചെന്ന് പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ടി.വി. ലളിതപ്രഭ പറഞ്ഞു. കൊവിഡ് കാരണമാണ് പ്രവൃത്തി വൈകുന്നത്. താത്കാലിക പ്രതിസന്ധി മറികടക്കാൻ കെ.എസ്.ഇ.ബിയുമായി കരാർ ഉണ്ടാക്കിയിട്ടുണ്ട്. ഇതിന് ആവശ്യമായ ഉപകരണങ്ങൾക്കായി അഞ്ച് ലക്ഷം രൂപ അനുവദിക്കാൻ കൗൺസിൽയോഗം അംഗീകരിച്ചു.
മഴക്കാല പൂർവ ശുചീകരണത്തിനുള്ള തുക വെട്ടിക്കുറച്ചെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു. എന്നാൽ രണ്ട് ലക്ഷം തന്നെ അനുവദിക്കുമെന്ന് മേയർ പറഞ്ഞു. കെ.വി. ബാബുരാജ്, എം. രാധാകൃഷ്ണൻ, എം.പി. പദ്മനാഭൻ, നമ്പിടി നാരായണൻ, മുഹമ്മദ് ഷമീൽ, കെ.സി. ശോഭിത, കെ.ടി. ബീരാൻകോയ, പി. ഉഷാദേവി, കെ.കെ. റഫീഖ്, പി. കിഷൻചന്ദ് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.