കോഴിക്കോട്: സംസ്ഥാനത്ത് ഓൺലൈൻ പഠനം ആരംഭിച്ച സാഹചര്യത്തിൽ ടി.വി ഇല്ലാത്ത കുട്ടികൾക്ക് കൈത്താങ്ങാകാൻ ഡി.വൈ.എഫ്.ഐ ആരംഭിച്ച 'ടി.വി ചാലഞ്ച്' ക്യാംപയിന് ആവേശകരമായ തുടക്കം. ആദ്യ മണിക്കൂറുകൾക്കകം നിരവധി ഫോൺ കോളുകളാണ് കോൾ സെന്ററിൽ എത്തിയത്. നടി മഞ്ജുവാര്യരും സംവിധായകൻ ബി. ഉണ്ണികൃഷ്ണനും സന്തോഷ് കീഴാറ്റൂരും കോൾ സെന്ററിലേയ്ക്ക് വിളിച്ച പ്രമുഖരിൽ പെടും.

ഒന്നിലധികം ടി.വി സ്വന്തമായുള്ളവർക്ക് ഒരു ടി.വി ഈ പദ്ധതിയിലേക്ക് നൽകാം. സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരിൽ നിന്ന് ടി.വി സ്‌പോൺഷിപ്പും സ്വീകരിക്കും. റീസൈക്കിൾ കേരളയുടെ ഭാഗമായി ശേഖരിക്കുന്ന പഴയ ടി.വികൾ ഡി.വൈ.എഫ്.ഐ പ്രവർത്തകർ റിപ്പയർ ചെയ്ത് നൽകും. ടി.വി ഇല്ലാത്ത വീടുകൾ കണ്ടെത്താനുള്ള ചുമതല ഒരോ മേഖലാ കമ്മിറ്റികൾക്കാണ്.

ടി.വി വാങ്ങി നൽകാൻ സന്നദ്ധരായവർക്കും കൈമാറാൻ താത്പര്യമുള്ളവർക്കും ഡി.വൈ.എഫ്.ഐ പ്രവർത്തകരുമായോ സ്റ്റേറ്റ് കാൾ സെന്ററുമായോ(9895858666, 8590011044, 8590018240, 7012215574) ബന്ധപ്പെടാവുന്നതാണ്. കോൾ സെന്ററിൽ ലഭിക്കുന്ന വിവരങ്ങൾ ജില്ലാ കമ്മിറ്റികൾക്ക് കൈമാറും.