മുക്കം: ഇരുവഞ്ഞിപ്പുഴയിൽ മുക്കം കടവിലെ വെന്റ് പൈപ്പ് പാലം പൊളിച്ചു തുടങ്ങി. സംസ്ഥാന സർക്കാർ 18 കോടി രൂപ മുടക്കി കടവിൽ പുതിയ പാലം നിർമ്മിച്ചതോടെയാണ് കാരശേരി പഞ്ചായത്ത് 17 വർഷം മുമ്പ് നിർമ്മിച്ച വെന്റ് പൈപ്പ് പാലം പൊളിക്കാൻ തീരുമാനിച്ചത്. മഴക്കാലത്ത് മരത്തടികളും മറ്റും ഒഴുകിയെത്തി അടിയുന്നതും വെന്റ് പൈപ്പിലൂടെയുള്ള നീരൊഴുക്ക് തടസ്സപ്പെട്ട് കരകൾ ഇടിയുന്നതും പതിവായിരുന്നു. ഈ സാഹചര്യത്തിലാണ് പാലം പൊളിക്കാൻ തീരുമാനിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി.ജമീല, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുള്ള കുമാരനല്ലൂർ, പഞ്ചായത്ത് അംഗങ്ങളായ എം.ദിവ്യ, സവാദ് ഇബ്രാഹിം, എക്സിക്യൂട്ടീവ് എഞ്ചിനീയർ സിന്ധു, അസിസ്റ്റന്റ് എഞ്ചിനീയർ രാജേഷ്, ഓവർസിയർ ജിൻസി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.