വടകര: സംസ്ഥാന സർക്കാർ ആരംഭിച്ച ഓൺലൈൻ പഠന സൗകര്യം ഏറാമല പഞ്ചായത്തിലെ മുഴുവൻ കുട്ടികൾക്കും ഒരുക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ.ഭാസ്കരൻ അറിയിച്ചു. വിദ്യാലയങ്ങളിലെ ഓൺലൈൻ പഠന സൗകര്യവും പുരോഗതിയും വിലയിരുത്താൻ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി യോഗം ചേർന്നു. ടി.വി, ഇന്റർനെറ്റ് സൗകര്യം, സ്മാർട്ട് ഫോൺ ലഭ്യത എന്നിവയൊന്നും ഇല്ലാത്ത പഞ്ചായത്ത് പരിധിയിലെ പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്കാണ് വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ സൗകര്യമൊരുക്കുക. ഇതിനായി ലൈബ്രറികൾ സജ്ജമാക്കും. യോഗത്തിൽ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷ അദ്ധ്യക്ഷത വഹിച്ചു. ബി.ആർ.സി ട്രെയിനർ കെ.സി. കുഞ്ഞമ്മത് സ്വാഗതവും പ്രധാനാദ്ധ്യാപക പ്രതിനിധി സുജിത്ത് നന്ദിയും പറഞ്ഞു.