നാദാപുരം: ഒടുവിൽ നാദാപുരത്തുകാർക്ക് ആശ്വാസം ചൊരിഞ്ഞ് ആ വാർത്തയെത്തി. 47 പേരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റിവ്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഏറെ വൈകിയാണ് പരിശോധനാഫലം പുറത്തുവിട്ടത്. ഇതോടെ കഴിഞ്ഞ നാലു ദിവസമായി ഇന്നാട്ടുകാർ അനുഭവിച്ച മാനസിക പിരിമുറക്കത്തിനു തത്കാലേത്തേക്കെങ്കിലും പരിഹാരമായി. 47 പേരും പതിനാലു ദിവസത്തേക്ക് സമ്പർക്ക വിലക്കിൽ വീടുകളിൽ കഴിയണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിരിക്കുകയാണ്.
കൊവിഡ് സ്ഥിരീകരിച്ച തൂണേരിയിലെ മത്സ്യവ്യാപാരിയുടെ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടവരുടെ പരിശോധനാഫലമാണ് ലഭിച്ചത്. പട്ടികയിൽ ഉൾപ്പെട്ട മറ്റുള്ളവരുടെ വിവരങ്ങൾ ഇപ്പോഴും ആരോഗ്യവകുപ്പിന് ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്.

ഇന്ന് നാദാപുരം താലൂക്ക് ആശുപത്രിയിൽ നിന്നു 48 പേരുടെ സ്രവസാമ്പിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതോടെ 103 ഫലം ലഭിക്കാനുണ്ട്.