കോഴിക്കോട്; ആഴ്ചയിൽ ഒരു ലീവ് കിട്ടാൻ പാടുപെടുന്ന സെയിൽസ് ഗേളുകൾക്ക് ഇപ്പോൾ ലീവിന് പഞ്ഞമില്ല. എത്ര വേണമെങ്കിലും എടുക്കാം. പക്ഷേ, ഒറ്റക്കാര്യം; ശമ്പളം ചോദിക്കരുത്. ജോലി ചെയ്യുന്നതിന് മാത്രം ശമ്പളം തരും. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ നെട്ടോട്ടമോടുന്ന തൊഴിലാളികൾക്ക് ആഴ്ചയിൽ മൂന്ന് ദിവസത്തെ ജോലി തിരിച്ചടിയാണ് സമ്മാനിച്ചത്. ജില്ലയിൽ ഏകദേശം 1500 ഒാളം സ്ത്രീകൾ ഈ മേഖലയിൽ തൊഴിലെടുക്കുന്നുണ്ട്. പ്രമുഖ കടകളിൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് തൊഴിലാളികളെ ആവശ്യം. ഉപഭോക്താക്കളുടെ എണ്ണം കുറഞ്ഞതോടെ ജോലി സമയവും കുറച്ചു. രാവിലെ 10 മുതൽ 6 മണി വരെയാണ് ജോലി. പല കടകളിലും 35-40 ശതമാനം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. രണ്ടുമാസത്തെ കൊവിഡ് അടച്ചിടലിനുശേഷം കടകൾ തുറന്നെങ്കിലും പ്രതിസന്ധി ഒഴിയാൻ ഇനിയും നാളുകൾ പിടിക്കും.
പട്ടണങ്ങളിൽ ജനജീവിതം സാധാരണ നിലയിലായിട്ടുണ്ട്. കടകൾ എല്ലാം തുറന്നു പ്രവർത്തിക്കുന്നു. തൊഴിലാളികൾ ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ്. തൊഴിലാളികളുടെ എണ്ണം 50 ശതമാനം കുറച്ചു. എ.എം.ടി.യു യൂണിയനിലെ മെമ്പർമാർക്ക് അടിയന്തര ധനസഹായം ലഭിച്ചിട്ടുണ്ട്.
പി.വിജി, സംസ്ഥാന സെക്രട്ടറി ,
അസംഘടിത മേഖല
തൊഴിലാളി യൂണിയൻ (എ .എം.ടി.യു-കേരള)
ലോക്ക് ഡൗൺ ഇളവുകൾ വന്നെങ്കിലും ആളുകൾ എത്തുന്നത് കുറവാണ്. എല്ലാ തൊഴിലാളികളും ജോലിയ്ക്ക് വരണമെന്നാണ് ആഗ്രഹം. സർക്കാരിന്റെ നിർദ്ദേശ പ്രകാരമാണ് 40ശതമാനമായി വെട്ടിക്കുറച്ചത്. ബസ്സുകളിലെത്തുന്ന തൊഴിലാളികൾ വരാറില്ല. ജോലിക്കെത്തുന്ന തൊഴിലാളികൾക്കും ഉപഭോക്താക്കൾക്കും സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ആരെയും പിരിച്ച് വിട്ടില്ല.
മഹേഷ്, മാനേജർ,
കല്ല്യാൺ സാരീസ് -കോഴിക്കോട്
മാർച്ച് മാസത്തെ ശമ്പളം കിട്ടി. സർക്കാറിൽ നിന്ന് 1000 രൂപ ധനസഹായം ലഭിച്ചിരുന്നു. ഒന്നിടവിട്ട ദിവസങ്ങളിലാണ് ജോലി.
തൊഴിലാളി