കോഴിക്കോട്: കൊവിഡ് വരുത്തിവെച്ച ആഘാതത്തിൽ ഉലഞ്ഞുപോയ ഗൾഫ് രാജ്യങ്ങളിൽ പ്രവാസികൾ നേരിടാൻ പോവുന്നത് വൻ തൊഴിൽ പ്രതിസന്ധി. മലയാളികൾ ഏറെയുള്ള സൗദി അറേബ്യയിലും യു.എ.ഇ യിലുമായി പ്രവാസികൾക്ക് 26 ലക്ഷത്തിലേറെ തൊഴിലവസരങ്ങൾ നഷ്ടമാകുമെന്നാണ് ആഗോള സാമ്പത്തിക അവലോകനത്തിൽ ശ്രദ്ധയൂന്നുന്ന ഓക്സ്‌ഫോർഡ് ഇക്കണോമിക്‌സ് മിഡിൽ ഈസ്റ്റിന്റെ റിപ്പോർട്ട്; സൗദിയിൽ 17 ലക്ഷവും യു.എ.ഇയിൽ ഒൻപത് ലക്ഷവും.
ഗൾഫ് മേഖലയിലെ ജനസംഖ്യയിൽ പത്തു ശതമാനം വരെ കുറവുമുണ്ടാവുമെന്നാണ് വിലയിരുത്തൽ. 13 ശതമാനം വിദേശികൾക്ക് തൊഴിൽ നഷ്ടമാകും. വിദേശികളുടെ മടക്കത്തിലൂടെ യു.എ.ഇ യിലും ഖത്തറിലും പത്തു ശതമാനം ജനസംഖ്യ കുറയും. സൗദി, ഒമാൻ എന്നിവിടങ്ങളിൽ നാലു ശതമാനം വീതവും.
ഗൾഫിലെ കമ്പനികൾ ശമ്പളം വെട്ടിക്കുറച്ചതോടെ പലരും ജേലി വിടാൻ നിർബന്ധിതരാവുകയാണ്. ചെറുകിട കച്ചവടക്കാർക്കും സംരംഭകർക്കും വാടക കൊടുക്കാൻ പോലും കഴിയുന്നില്ല. അവധിയ്‌ക്ക് നാട്ടിലെത്തിയ ശേഷം മടങ്ങാനാകാത്ത പ്രവാസികളുമുണ്ട്. പുതിയ ജോലിയ്‌ക്കായി ശ്രമിക്കൂ നിർദ്ദേശമാണ് ഇവരുടെ കമ്പനികളിൽ നിന്നുള്ള പ്രതികരണം.
രാജ്യാന്തര വിമാന സർവീസുകൾ സാധാരണ നിലയിലായാൽ പ്രവാസലോകത്തെ തൊഴിൽ നഷ്ടത്തിന്റെ യഥാർത്ഥ ചിത്രം വ്യക്തമാകും. പ്രവാസികളുടെ പലായനം ഗൾഫിൽ തൊഴിലാളികളെ കിട്ടാത്ത സാഹചര്യവുമുണ്ടാക്കും. പ്രവാസികളുടെ കൂട്ടത്തോടെയുള്ള വരവ് കേരളത്തിന്റെ സമ്പദ്ഘടനയിൽ വലിയ ചലനങ്ങളുണ്ടാക്കും.
കമന്റ്
'ഒരുപാട് പ്രവാസികൾക്ക് ജോലി നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്. യു.എ.ഇയിൽ മാത്രം ഒൻപത് ലക്ഷം മലയാളികളുണ്ട്. സൗദിയിൽ അഞ്ചര ലക്ഷവും. സംസ്ഥാനത്തെ ബാങ്കുകളിലെ നിക്ഷേപത്തിന്റെ 39 ശതമാനവും പ്രവാസികളുടേതാണ്. തിരിച്ചെത്തുന്നവർക്ക് വേണ്ട അവസരങ്ങൾ സർക്കാർ ഒരുക്കണം".
കെ.എം. ബഷീർ,
പ്രസിഡന്റ്, മലബാർ ഡവലപ്പ്മെന്റ് ഫോറം
'നാട്ടിലേക്ക് മടങ്ങിയാൽ ജോലി നഷ്ടപ്പെടുന്ന അവസ്ഥയാണ്. ഇപ്പോൾ തന്നെ ശമ്പളം കുറവാണ്. അതുകൊണ്ട് നാട്ടിലേക്ക് വരുന്നില്ല".
സജീഷ് കുമാർ,
ദുബായിലെ സ്വകാര്യ കമ്പനി ജീവനക്കാരൻ
തെറ്റാത്ത കണക്കുകൾ
സൗദി അറേബ്യയിൽ നഷ്ടമാകുന്ന തൊഴിലവസരം - 17 ലക്ഷം
യു.എ.ഇയിൽ നഷ്ടമാകുന്ന തൊഴിലവസരം - 9 ലക്ഷം
സംസ്ഥാനത്തെ ബാങ്കുകളിലുള്ള പ്രവാസി നിക്ഷേപം - 39%
തൊഴിൽ നഷ്ടമാകുന്ന വിദേശികൾ - 13%
യു.എ.ഇയിലും ഖത്തറിലും കുറയുന്ന പ്രവാസി ജനസംഖ്യ- 10%
സൗദിയിലും ഒമാനിലും കുറയുന്ന പ്രവാസി ജനസംഖ്യ - 4%