കോഴിക്കോട്: വിക്ടേഴ്‌സ് ചാനൽ വഴി നൽകുന്ന ഓൺലൈൻ ക്ലാസുകൾ എല്ലാ വിദ്യാർത്ഥികൾക്കും ലഭ്യമാവുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ജില്ല കളക്ടർ സാംബശിവറാവു ഉത്തരവിട്ടു. ജില്ല വിദ്യാഭ്യാസ ഓഫീസും സർവ്വശിക്ഷാ കേരളയും നടത്തിയ സർവേകളിൽ ജില്ലയിൽ 6,652 വിദ്യാർത്ഥികൾക്ക് ടി.വി.യോ സ്മാർട്ട് ഫോണുകളോ ഇല്ലെന്ന റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
കേബിൾ ടി.വി ഓപ്പറേറ്റർമാർ വിക്ടേഴ്‌സ് ചാനൽ എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാക്കുക, വിക്ടേഴ്‌സ് ചാനൽ ലഭ്യമാകുന്ന ഫ്രീക്വൻസി ചാനൽ ഓപ്പറേറ്റർമാർ പരസ്യപ്പെടുത്തുക, കേബിൾ കണക്ഷൻ ഇല്ലാത്ത വിദ്യാർത്ഥികളുള്ള വീടുകളിൽ കേബിൾ ടി.വി ഓപ്പറേറ്റർമാർ സൗകര്യം ഉറപ്പുവരുത്തുക, ടി.വിയോ സ്മാർട്ട് ഫോണോ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നിശ്ചിത പൊതുസ്ഥലങ്ങളിൽ കേബിൾ കണക്ഷനോട് കൂടി ടി.വി സ്ഥാപിച്ചുവെന്നും വിദ്യാർത്ഥികൾ ഉപയോഗിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർക്കാണ് ഇതിന്റെ ചുമതല. ഓൺലൈൻ ക്ലാസ്സുകൾ സംബന്ധിച്ച വിശദാംശങ്ങൾ ബ്ലോക്ക് റിസോഴ്‌സ് സെന്ററുകൾ ലഭ്യമാക്കുക, ജില്ലയിലെ എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസ്സുകൾ ലഭിക്കുന്നുവെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റികൾ ഉറപ്പുവരുത്തുക, ഓൺലൈൻ ക്ലാസുകൾക്കായി വിക്ടേഴ്‌സ് ചാനൽ ലഭ്യമാക്കിയത് സംബന്ധിച്ച റിപ്പോർട്ട് തദ്ദേശ സ്വയം ഭരണ സെക്രട്ടറിമാർ ജില്ലാ കളക്ടർക്ക് ഇ മെയിൽ വഴി സമർപ്പിക്കുക എന്നീ നിർദ്ദേശങ്ങളാണ് ഉത്തരവിലുള്ളത്. വീഴ്ച വരുത്തുന്നവർക്കെതിരെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനമായി കണക്കാക്കി നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു. ടി.വി സ്ഥാപിക്കേണ്ട പൊതുസ്ഥലങ്ങളുടെ പട്ടികയും നൽകിയിട്ടുണ്ട്.