കോഴിക്കോട്: ഓൺ ലൈൻ ക്ലാസിൽ പങ്കെടുക്കാനാവാത്തതിൽ മനംനൊന്ത് വളാഞ്ചേരിയിൽ വിദ്യാർത്ഥിനി തീകൊളുത്തി ജീവനൊടുക്കാനിടയായതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ചിനിടയിൽ സംഘർഷം. ലോക്ക് ഡൗൺ വിലക്ക് ലംഘിച്ചതിന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പി.എം നിയാസ് ഉൾപ്പെടെ നാല്പതോളം പേർക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു.
ഇന്നലെ രാവിലെ പതിനൊന്നരയോടെ നാല്പതോളം മാർച്ച് നടത്തിയത്. അഡ്വ.പി.എം.നിയാസിന്റെ ഉദ്ഘാടനപ്രസംഗത്തിനു പിറകെ പ്രക്ഷോഭകർ കളക്ടറേറ്റിലേക്ക് കടക്കാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു. പൊലീസിന് നേരെ കല്ലേറു നടന്നതോടയായിരുന്നു സംഘർഷം.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിൽ, യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി വിദ്യ ബാലകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് ആർ. ഷഹീൻ, കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി.ടി. നിഹാൽ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.