ഓരോ തോൽവിയും വിജയത്തിലേക്കുള്ള ചവിട്ടുപടിയാക്കാം എന്നത് ഏറാമലക്കാരൻ രമേശിന് വെറും തത്വശാസ്ത്രമല്ല. പ്രായോഗികമായി അത് തെളിയിച്ചു കാണിക്കുകയായിരുന്നു അദ്ദേഹം. കറന്റ് പോലും എത്താത്ത കാലത്ത് ഏറാമല തുരുത്തിമുക്ക് ഗ്രാമത്തിൽ നിന്ന് പഠിച്ച് വളർന്ന് ഇപ്പോൾ ഷിപ്പിംഗ് മേഖലയിൽ ഫ്ലീറ്റ് ഡയറക്ടറായി ലോകം ചുറ്റുന്ന നിലയിലേക്ക് രമേശിനെ ഉയർത്തിയത് ആത്മവിശ്വാസവും ദൃഢനിശ്ചയവും തന്നെയാണ്. ജനിച്ചത് സാധാരണ കർഷക കുടുംബത്തിൽ. എന്തുകൊണ്ടോ, ചെറുപ്പത്തിലേ സ്വപ്നം കണ്ടത് ബിസിനസുകാരനാവാനാണ്. പഠനം ഹോട്ടൽ മാനേജ്മെന്റിലേക്ക് തിരിഞ്ഞപ്പോഴും സ്വപ്നം മനസ്സിൽ നിന്നു മാഞ്ഞുപോയില്ല. കോഴ്സ് കഴിഞ്ഞ് എത്തിയത് ഹെെദരാബാദിലെ കൃഷ്ണ ഒബ്റോയി ഹോട്ടലിൽ.
അവിടെ ജോലിയിലിരിക്കെ തന്നെ ഷിപ്പിംഗ് ഓൺലെെൻ കോഴ്സ് പൂർത്തിയാക്കി. പിന്നീട് മറെെൻ ക്ലബ്ബിൻെറ ക്യാപ്ടനായി.അവിടെ നിന്നാണ് ലിവേറാസ് ഉടമയായ ആൻത്രീയാസ് ലിവേറാസുമായി പരിചയത്തിലാവുന്നത്. വൈകാതെ ലിവേറാസിൽ ക്രൂയ്സ് ഡയറക്ടറായി ചുമതലയേറ്റു. 2008 ൽ നിനച്ചിരിക്കാതെ വന്നുപെട്ട ബോംബെ ടെററിസ്റ്റ് അറ്റാക്കിൽ ലിവേറാസ് മരിച്ചതോടെ ജോലി മതിയാക്കി രമേശ് നാട്ടിലെത്തി ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഇന്നിപ്പോൾ ഷിപ്പ് ഫ്ലീറ്റ് ഡയറക്ടറും ക്രൂയ്സ് ഡയറക്ടറും മാത്രമല്ല, റസ്റ്റോറൻറ്, റിസോർട്ടുകൾ അങ്ങനെ പല തലങ്ങളിലും മികവിൻെറ കയ്യൊപ്പു ചാർത്താൻ രമേശിന് കഴിഞ്ഞു.
@പാളിച്ചകളോടെ തുടക്കം
തുടങ്ങി വെക്കുന്ന ഓരോ സംരംഭവും ക്ലച്ച് പിടിക്കാതെ നഷ്ടത്തിലേക്ക് കൂപ്പു കുത്തിയപ്പോഴും പൊരുതിക്കയറാൻ തന്നെ ഉറച്ചു. അതിന് ഒടുവിൽ ഫലവുമുണ്ടായി. സൗദി അറേബ്യയിലെ പെനിൻസുല മറീൻ ഷിപ്പ് ഫ്ലീറ്റ് ഡയറക്ടർ എന്ന നിലയിലും ലക്ഷ്വറി വെസൽ മേഖലയിലും നിറഞ്ഞ സാന്നിദ്ധ്യമാണ് രമേശ് ഇപ്പോൾ. സരോമ ഹോളിഡെയ്സ് ട്രാവൽസിൽ പാർട്ട്ണർഷിപ്പോടെയായിരുന്നു ബിസിനസിലെ തുടക്കം. മംഗോളിയൻ - ചെെനീസ് ഫുഡ് കോമ്പിനേഷനിൽ തിരുവനന്തപുരത്തും ചെന്നെയിലും തുടങ്ങിയ മദേഴ്സ് കിച്ചണും ചോപ്പ്സ്റ്റിക് റസ്റ്റോറൻറും തുറന്നു. കുറച്ച് മാസങ്ങൾ മോശമല്ലാതെ പ്രവർത്തിച്ചെങ്കിലും ദീർഘനാൾ അവയ്ക്കും പിടിച്ചുനിൽക്കാനായില്ല. രണ്ട് സംരംഭങ്ങൾ തകർന്നതിന്റെ വലിയ പാഠങ്ങൾ പൂർണമായി ഉൾക്കൊണ്ട് സ്വന്തം നിലയിൽ തുടങ്ങിവെച്ച ട്രാവൽസും മുട്ടിയും മുടന്തിയും നിന്നുപോയി. എന്നിട്ടും തളർന്നില്ല. പിന്നീടാണ് സൗദി ആസ്ഥാനമായ കമ്പനി ഫ്ലീറ്റ് ഡയറക്ടർ സ്ഥാനത്തേക്കുള്ള പടികയറുന്നത്. അക്ഷരാർത്ഥത്തിൽ തകർച്ചയിൽ നിന്നു വളർച്ച വെട്ടിപ്പിടിക്കുകയായിരുന്നു. കഠിനാദ്ധ്വാനവും ദൈവാനുഗ്രഹവും നല്ല നാളുകൾ സമ്മാനിക്കുകയായിരുന്നുവെന്ന് രമേശ് സാക്ഷ്യപ്പെടുത്തുന്നു, വിജയരഥത്തിൽ മുന്നേറുമ്പോഴും പാരമ്പര്യമായി ലഭിച്ച ഒരു പിടി മൂല്യങ്ങൾ ഇന്നും മുറുകെപ്പിടിക്കുന്നുണ്ട് ഈ ചെറുപ്പക്കാരൻ. ബിസിനസ് തലയിലുള്ളപ്പോൾ തന്നെ ഷിപ്പിംഗ് മേഖല വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു. ആ ജോലി ആസ്വദിച്ചാണ് ചെയ്യുന്നത്. സ്വയം കാര്യങ്ങൾ ചെയ്യാനാകുമെന്ന തോന്നൽ ഉള്ളിലുറച്ചതോടെയാണ് ആ രംഗത്തേക്ക് തന്നെ എത്തിപ്പെട്ടത്; രമേശ് പറയുന്നു. മുതൽമുടക്കിയത് ചോർന്നുപോയതിനെ കുറിച്ച് വല്ലാതെ വേവലാതിപ്പെടാറില്ല. പ്രതീക്ഷിക്കാതെ വരുമാനം കൂടിവരുന്നതിൽ അമിതമായി ആഹ്ളാദിക്കാറുമില്ല. ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഒപ്പം നിൽക്കുന്നതാണ് ശീലം. കഴിയാവുന്ന തരത്തിൽ ആളുകളെ സഹായിക്കുന്നത് പുണ്യമായി കരുതുകയാണ്. ഷിപ്പിലെ പഴയ സഹപ്രവർത്തകരിൽ ജോലി നഷ്ടപ്പെട്ടവരടക്കം സഹായം തേടാൻ ആദ്യം മനസ്സിലോർക്കുക രമേശിനെത്തന്നെയായിരിക്കും.
@കാണാത്ത രാജ്യങ്ങൾ കുറവ്
ജോലിസംബന്ധമായി രമേശ് എത്താത്ത പ്രമുഖ രാജ്യങ്ങളില്ലെന്നു പറയാം. സൗത്ത അമേരിക്ക,നോർത്ത് കൊറിയ, ആഫ്രിക്ക, ഏഷ്യൻ രാജ്യങ്ങൾ, തുടങ്ങി ലോകത്തെ രാജ്യങ്ങളിൽ മുക്കാൽ പങ്കും കണ്ടിട്ടുണ്ട്. ഇപ്പോൾ ലണ്ടനിലാണ്. ഡി്സംബർ മാസത്തിൽ അന്റാർട്ടിക്കയിലേക്ക് യാത്ര പ്ലാൻ ചെയ്തിരിക്കുകയാണ്.
@എല്ലാം പോസ്റ്റീവ്
കൊവിഡ് പിടിമുറുക്കുന്നതിന് മുമ്പ് രമേശ് മാസത്തിൽ അഞ്ചോ ആറോ ദിവസങ്ങൾ മാത്രമായിരിക്കും കോഴിക്കോട്ടെ സ്വന്തം വീട്ടിലുണ്ടാവുക. ബാക്കി ദിവസങ്ങളിലത്രയും യാത്രകളുമായി മറ്റു രാജ്യങ്ങളിലായിരിക്കും. ലണ്ടനിലെത്തിയപ്പോഴാണ് യാത്രയ്ക്ക് പൂട്ട് വീഴുന്നത്. സർവ മേഖലയെയും മരവിപ്പിലാഴ്ത്തിയ കൊവിഡ് - 19 ആകാശവും കടന്ന് കടലുകളിൽ ഷിപ്പുകളുടെ നീക്കവും നിശ്ചലമാക്കി. പക്ഷേ, ജോലി സംബന്ധിച്ച് ആർക്കും പ്രശ്നവുമില്ല. ശമ്പളവും മറ്റു ആനുകൂല്യങ്ങളുമുണ്ട്. എല്ലാവരും കരുതലോടെ കഴിയുന്നു; നല്ല നാളെ പ്രതീക്ഷിച്ച്.
കൂടാതെ കൊവിഡ് നിശ്ചലമാക്കിയ പല ജീവിതങ്ങളെയും മുന്നോട്ട് കൊണ്ട് വരാൻ രമേശ് മടിച്ചില്ല. കിറ്റ് വിതരണം ചെയ്തും, മാസ്ക്കുകൾ കൊടുത്തുംതന്നെക്കൊണ്ട് സാധിക്കും വിധം സഹായിച്ചു.
@കുടുംബം
രമേശിന്റെ ഭാര്യ ജയശ്രീ നമ്പ്യാർ. മകൻ കാർത്തിക് പാലായിലെ എൻട്രൻസ് കോച്ചിംഗ് സെന്ററിൽ പഠിക്കുകയാണ്. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാൻ പരമാവധി ശ്രമിക്കാറുണ്ട്.
@ഇനിയും മുന്നോട്ട്
ജോലിയുമായി മുന്നോട്ടു പോകാനാണ് താത്പര്യം. അതിനിടയ്ക്ക്, കോഴിക്കോട്ട് വേറിട്ട മുഖവുമായി വെജിറ്റേറിയൻ റസ്റ്റോറൻറ് തുടങ്ങാനുള്ള പദ്ധതിയുണ്ട്. നല്ല ഭക്ഷണം കിട്ടാത്തതിനാൽ എല്ലാവരും ഇപ്പോൾ ഫാസ്റ്റ് ഫുഡിനെയാണ് ആശ്രയിക്കുന്നത്. ആ ശീലം മാറണമെന്ന് രമേശ് പറയുന്നു. 7 സ്റ്റാർ സൂപ്പർ ലക്ഷ്വറി ക്രൂസ് പ്രോജക്ടുമായി മുന്നോട്ട് പോകണമെന്നാണ് രമേശ് ആഗ്രഹിക്കുന്നത്. @പൊളിറ്റിക്സ് ഇല്ല
പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പാർട്ടിയോടും ആഭിമുഖ്യമില്ല. നല്ലത് ചെയ്യാൻ മുതിരുന്നത് ആരായാലും അവരെ അകമഴിഞ്ഞ് പിന്തുണയ്ക്കും.