കോഴിക്കോട്: കൊവിഡ് പരിശോധനാഫലം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറയുന്നതുവരെ വിവരം കുടുംബങ്ങളിൽ നിന്നും തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും മറച്ചുവെക്കുന്ന രീതി അധികൃതർ തുടരുകയാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.സിദ്ദിഖ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർക്കാർ തന്നെ കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുകയാണ്.

മാവൂരിലെ അഞ്ചു വയസുള്ള കുട്ടിക്ക് കൊവിഡ് പോസറ്റീവാണെന്നു വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫലം വന്നിട്ടും ഇതുവരെ അധികൃതർ പുറത്തുവിട്ടിട്ടില്ല. തദ്ദേശ സ്ഥാപനങ്ങളെ വിശ്വാസത്തിലെടുക്കാൻ മടിക്കുകയാണ് സർക്കാർ. മഞ്ചേരിയിലെ നാലു മാസം പ്രായമുള്ള കുട്ടിയുടെ കാര്യത്തിലും സർക്കാരിന്റെ സമീപനം ഇത്തരത്തിലായിരുന്നു.

കുറ്റമറ്റ സുരക്ഷിതത്വവും പ്രതിരോധവും ഉറപ്പാക്കാനുള്ള അവസരം സർക്കാർ നിഷേധിക്കുകയാണ്. കൊവിഡ് പ്രോട്ടോക്കോൾ മുഖ്യമന്ത്രിയിൽ കേന്ദ്രീകരിക്കുന്നത് രോഗ നിയന്ത്രണത്തിന് ഗുണകരമല്ലെന്ന് സിദ്ദിഖ് പറഞ്ഞു.

ആശാവർക്കർമാർക്ക് പതിനായിരം രൂപ അടിയന്തര ധനസഹായം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ കെ.എസ്.യു പ്രസിഡന്റ് കെ.എം. അഭിജിത്തും പങ്കെടുത്തു.