കോഴിക്കോട് : ആർമി റിക്രൂട്ടിംഗ് ഓഫീസിലെ കേണൽ പദവിയിലുള്ള ഉദ്യോഗസ്ഥൻ കീഴുദ്യോഗസ്ഥനെ
ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയാണെന്ന പരാതിയിൽ അന്വേഷണം നടത്താൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷന്റെ ശ്രദ്ധയിൽ പരാതി കൊണ്ടുവരാനും സംസ്ഥാന കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് തീരുമാനിച്ചു.
കോഴിക്കോട് ആർമി റിക്രൂട്ടിംഗ് ഓഫീസിലെ മേധാവി വിശദീകരണം സമർപ്പിക്കണമെന്നും ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ മറുപടി ഹാജരാക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. ആന്ധ്രാ സ്വദേശിയായ എൻ.വി രത്‌നമ്മ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. പരാതിക്കാരിയുടെ ഭർത്താവായ ആർമി റിക്രൂട്ടിംഗ് ഓഫീസിൽ ജോലി ചെയ്യുന്ന സിവിൽ ഉദ്യോഗസ്ഥന് കഴിഞ്ഞ ഏതാനും മാസങ്ങളായി ശമ്പളം നൽകുന്നില്ല. കേണൽ തങ്ങളുടെ വീട്ടിലെത്തി ഭർത്താവിനെ ആക്രമിക്കാൻ തുനിഞ്ഞതായും പരാതിയിൽ പറയുന്നു.
വീട്ടിലെത്തി ഭർത്താവിനെ ഉപദ്രവിച്ചെന്ന പരാതിയിൽ ജില്ലാ പൊലീസ് മേധാവി പ്രത്യേകം അന്വേഷിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. 30 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം.