സുൽത്താൻ ബത്തേരി: തെക്കുപടിഞ്ഞാറൻ കാലവർഷം അവസാനിക്കുന്ന ഒക്ടോബർ മാസം വരെ ബാണാസുര സാഗർ അണക്കെട്ടിലെ ജലനിരപ്പ് പൂർണ്ണ സംഭരണ ശേഷിയുടെ പകുതിയിൽ താഴെയായി നിജപ്പെടുത്തണമെന്ന് വയനാട് പ്രകൃതിസംരക്ഷണ സമിതി ആവശ്യപ്പെട്ടു.
എല്ലാ മഴക്കാലത്തും സ്ഥിരമായി മിന്നൽ പ്രളയവും ദുരിതവും ഉണ്ടാകുന്ന സാഹചര്യം ഗൗരവപൂർവ്വം പരിഗണിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ പടിഞ്ഞാറത്തറ, വെള്ളമുണ്ട, കോട്ടത്തറ, പനമരം തുടങ്ങിയ പഞ്ചായത്തുകളിൽ അയ്യായിരത്തിലധികം കടുംബങ്ങൾ ദുരിതമനുഭവിച്ചു. ആയിരക്കണക്കിന് ഏക്കർ കൃഷിഭൂമി നശിച്ചു. ഇതിന് ഉത്തരവാദിയായ വൈദ്യുതി ബോർഡ് ആർക്കും ഒരു നഷ്ടപരിഹാരവും നൽകിയിട്ടില്ല.
ഡാമിന്റെ ക്യാച്ച്‌മെന്റ് ഏരിയ 61 ചതുരശ്ര കിലോമീറ്റർ മാത്രമെയുള്ളൂവെങ്കിലും ബാണാസുരൻ മലഞ്ചെരുവുകളിൽ അതിശക്തമായ മഴയാണ് പെയ്യുക.
മേഘങ്ങളുടെ സാന്ദ്രത കണക്കാക്കി മഴയുടെ അളവും ഡാമിലേക്കുള്ള ജലപ്രവാഹവും 24 മണിക്കൂർ മുൻപ് പ്രവചിക്കുന്ന ആധുനിക ശാസ്ത്രസാങ്കേതിക വിദ്യ ലോകത്ത് ലഭ്യമാണ്.
ബാണാസുര സാഗറിലെ ജലനിരപ്പ് വൈദ്യുതി ബോർഡ് നിർദ്ദേശിച്ചതിൽ അൽപ്പം താഴെ നിർത്തണമെന്ന സെൻട്രൽ വാട്ടർ കമ്മീഷന്റെ നിർദ്ദേശം വസ്തുതകൾ പഠിക്കാതെയുള്ളതും അ ശാസ്ത്രീയവും യാതൊരു അടിത്തറയും ഇല്ലാത്തതുമാണ്.
ബാണാസുര സാഗർ, കാരാപ്പുഴ, കബനി ഡാമുകളുടെ ഇന്റഗ്രേറ്റഡ് ഡാം മാനേജ്‌മെന്റിനായി ജില്ലാ ഭരണകൂടം മുൻകൈ എടുക്കണം.കേരളത്തിലെ ഡാമുകളുടെ അവസ്ഥ മനസ്സിലാക്കി കേരള ഹൈക്കോടതി സ്വയം എടുത്ത കേസിൽ സമിതി കക്ഷി ചേരും.