കോഴിക്കോട്: ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ സംസ്ഥാനം നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതി ജില്ലയിൽ കാര്യക്ഷമമാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ജില്ലാ ആസൂത്രണ സമിതി യോഗം നിർദ്ദേശം നൽകി. തരിശ് ഭൂമികൾ കൃഷിയോഗ്യമാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വിവിധ പദ്ധതികൾ നടപ്പിലാക്കണമെന്ന് ആസൂത്രണ സമിതി ചെയർമാൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് 56 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുത്തിട്ടുള്ള പദ്ധതികൾക്കും സമിതി അംഗീകാരം നൽകി.
കൃഷി, തദ്ദേശ സ്വയംഭരണം, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം എന്നീ വകുപ്പുകൾ ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക. ജലസേചന കാര്യത്തിൽ ജലവിഭവ വകുപ്പും കാർഷികോത്പ്പന്നങ്ങളുടെ മൂല്യവർദ്ധനയ്ക്ക് വ്യവസായ വകുപ്പും പദ്ധതിയുമായി യോജിച്ച് നീങ്ങും. പദ്ധതിക്ക് മുമ്പേ തരിശുഭൂമി ഉൾപ്പടെയുള്ളവയിൽ വലിയ തോതിൽ കൃഷി ഇറക്കിയ കർഷകരെയും സംഘങ്ങളെയും സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമാക്കാൻ നടപടി സ്വീകരിക്കും. ഓരോ വകുപ്പുകളും നടപ്പിലാക്കുന്ന പദ്ധതികൾ യോഗം ചർച്ച ചെയ്തു.