ചികിത്സയിലുള്ളത് 47 പേർ
കോഴിക്കോട്: ജില്ലയിൽ ഇന്നലെ ആരോഗ്യപ്രവർത്തക ഉൾപ്പെടെ ഏഴു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് പേർ രോഗമുക്തരായി.
ഇപ്പോൾ 40 കോഴിക്കോട് സ്വദേശികളാണ് കൊവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്.
മറ്റു ജില്ലക്കാരായി ഒരു മലപ്പുറം സ്വദേശിയും 3 കാസർകോട് സ്വദേശികളും 2 വയനാട് സ്വദേശികളും ഒരു കണ്ണൂർ സ്വദേശിയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്. കണ്ണൂർ ജില്ലയിലെ 6 എയർ ഇന്ത്യാ ജീവനക്കാർ മിംസ് ആശുപത്രിയിൽ കഴിയുകയാണ്. ഒരു തൃശൂർ സ്വദേശി എം.വി.ആർ കാൻസർ സെന്ററിലുമുണ്ട്.
രോഗബാധിതരിൽ 31കാരിയായ ആരോഗ്യ പ്രവർത്തക എളേറ്റിൽ സ്വദേശിയാണ്. ഇവർ കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.
രോഗം ബാധിച്ചവരിൽ നാലു പേർ കുവൈറ്റിൽ നിന്ന് കരിപ്പൂരിൽ ഇറങ്ങിയവരാണ്. മണിയൂർ സ്വദേശികളായ രണ്ടു പേർക്കു പുറമെ വടകര, അത്തോളി സ്വദേശികളും ഇതിലുൾപ്പെടും. ഇവരെ കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചതായിരുന്നു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവായതിനെ തുടർന്ന് കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലേക്ക് മാറ്റി.
എളേറ്റിൽ സ്വദേശിയായ 31 വയസ്സുള്ള ആരോഗ്യ പ്രവർത്തകയാണ് ഏഴാമത്തെ രോഗി. ഇവർ കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.
മേയ് 31 ന് എയർ ഇന്ത്യ വിമാനത്തിൽ ബഹ്‌റൈനിൽ നിന്ന് കരിപ്പൂർ എയർപോർട്ടിലെത്തിയ 39-കാരനായ കുറ്റ്യാടി സ്വദേശിയെ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായിരുന്നു. 34 കാരനായ കാവിലുംപാറ സ്വദേശി മേയ് 27 ന് പുലർച്ചെ അബുദാബി -കണ്ണൂർ ഫ്‌ളൈറ്റിൽ എത്തിയതാണ്. 31 ന് രോഗലക്ഷണം കണ്ടതിനെ തുടർന്ന് സ്രവ പരിശോധന നടത്തിയപ്പോൾ ഫലം പോസിറ്റീവാണെന്നു കണ്ടെത്തുകയായിരുന്നു. യുവാവിനെ കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി.
മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഓർക്കാട്ടേരി സ്വദേശി, ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിൽ ചികിത്സയിലായിരുന്ന അരിക്കുളം സ്വദേശി, ഓർക്കാട്ടേരി സ്വദേശി, തിക്കോടി സ്വദേശി, കൊയിലാണ്ടി സ്വദേശി എന്നിവരാണ് രോഗമുക്തി നേടിയത്.
447 പേർ കൂടി നിരീക്ഷണത്തിൽ
കോഴിക്കോട്: ജില്ലയിൽ ഇന്നലെ പുതുതായി വന്ന 447 പേർ ഉൾപ്പെടെ 7644 പേർ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി ജയശ്രി അറിയിച്ചു. ഇതുവരെ 32,042 പേർ നിരീക്ഷണം പൂർത്തിയാക്കി. 127 പേർ ആശുപത്രികളിലാണ്. 97 പേർ മെഡിക്കൽ കോളേജിലും 30 പേർ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലുമുണ്ട്. 28 പേർ ഡിസ്ചാർജ്ജായി.
പ്രവാസികൾ 2873
ഇന്നലെ വന്ന 180 പേർ ഉൾപ്പെടെ 2873 പ്രവാസികളാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 773 പേർ ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് കെയർ സെന്ററുകളിലും 2059 പേർ വീടുകളിലും 41 പേർ ആശുപത്രിയിലുമാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 124 പേർ ഗർഭിണികളാണ്.