കൽപ്പറ്റ: മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ 8,12,13,14,15,18 വാർഡുകളെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിലും സമീപ പഞ്ചായത്തായ മുട്ടിൽ ഗ്രാമപഞ്ചായത്തിലും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.
229 പേർ കൂടി നിരീക്ഷണത്തിൽ
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ ബുധനാഴ്ച്ച 229 പേർ കൂടി നിരീക്ഷണത്തിൽ. ഇതോടെ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 3753 ആയി. പട്ടികവർഗ്ഗ വിഭാഗത്തിൽപെടുന്ന 759 ആളുകൾ ഉൾപ്പെടെ 1846 പേർ കൊവിഡ് കെയർ സെന്ററുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
അതേസമയം ബുധനാഴ്ച്ച 234 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. രോഗം സ്ഥിരീകരിച്ച 13 പേർ മാനന്തവാടി ജില്ലാ ആശുപത്രിയിലും രണ്ട് പേർ കോഴിക്കോട് മെഡിക്കൽ കോളേജിലുമാണ് ചികിൽസയിൽ കഴിയുന്നത്.
ജില്ലയിൽ നിന്ന് ഇതുവരെ പരിശോധനയ്ക്ക് അയച്ച 1931 ആളുകളുടെ സാമ്പിളുകളിൽ 1685 എണ്ണത്തിന്റെ ഫലം ലഭിച്ചു. 1653 എണ്ണം നെഗറ്റീവാണ്. 241 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ നിന്ന് ആകെ 2171 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിൽ ഫലം ലഭിച്ച 1762 ഉം നെഗറ്റീവാണ്.
ജില്ലയിലെ അതിർത്തി ചെക്ക് പോസ്റ്റുകളിൽ 1839 വാഹനങ്ങളിലായി എത്തിയ 3756 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതിൽ ആർക്കും തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന 228 പേർക്ക് കൗൺസലിംഗും സാന്ത്വന പരിചരണ പദ്ധതിയുടെ ഭാഗമായി വീടുകളിൽ കഴിയുന്ന 119 രോഗികൾക്ക് ആവശ്യമായ പരിചരണവും നൽകി.
ഇന്നലെ 229 പേർ കൂടി നിരീക്ഷണത്തിൽ
ആകെ നിരീക്ഷണത്തിൽ 3753 പേർ
പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ട 759 ആളുകൾ
1846 പേർ കൊവിഡ് കെയർ സെന്ററുകളിൽ
ഇന്നലെ 234 പേർ നിരീക്ഷണകാലം പൂർത്തിയാക്കി