സുൽത്താൻ ബത്തേരി: അന്യസംസഥാന തൊഴിലാളികളായ നാല് പേർക്ക് കൊവിഡ് 19രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ബത്തേരി നഗരസഭ പരിധിയിൽ പരിശോധനയും നിയന്ത്രണങ്ങളും കർശനമായി നടപ്പിലാക്കാൻ വിവിധ വകുപ്പ് തലമേധാവികളുടെ സംയുക്തയോഗം തീരുമാനിച്ചു. നഗരസഭയിലെ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കും.
നഗരസഭ പരിധിയിലെ കോളനികളും അന്യസംസഥാന തൊഴിലാളികൾ താമസിക്കുന്ന പ്രദേശങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ അണുനശീകരണം നടത്തുന്നതിനും തീരുമാനിച്ചു.
തൊഴിലാളികൾക്ക് ഭക്ഷണ ക്ഷാമം ഉണ്ടായാൽ ഇടപെടാൻ സിവിൽ സപ്ലൈസ് വകുപ്പിനെ ചുമതലപ്പെടുത്തി. രോഗം സ്ഥിരികരിച്ച മേഖലകളിൽ ആരോഗ്യ പ്രവർത്തകർ വീടുകൾ കയറിയിറങ്ങി സർവ്വേ നടത്തും. ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി നഗരസഭ പരിധിയിൽ അനൗൺസ്‌മെന്റ് നടത്തും. സമ്പർക്കപട്ടികയിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാനും തീരുമാനിച്ചു. നഗരസഭ പരിധി പൂർണമായും കണ്ടെയ്‌ൻമെന്റ് സോണായതിനാൽ പൊലീസിന്റെ നേതൃത്വത്തിലുള്ള പരിശോധന കർശനമാക്കാനും നഗരസഭ ചെയർമാൻ ടി.എൽ.സാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
അണുനശീകരണവും സർവേയും
സുൽത്താൻ ബത്തേരി: നാല് അന്യസംസഥാന തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ച മേഖലകളിൽ ആരോഗ്യ വകുപ്പിന്റെയും നഗരസഭയുടെയും നേതൃത്വത്തിൽ ഫയർഫോഴ്സ് അണുനശീകരണം നടത്തി. തൊഴിലാളികൾ താമസിച്ച പൂളവയലിലും കുപ്പാടിയിലുമാണ് അണുനശീകരണം നടത്തിയത്.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ രണ്ട്‌പേർ വീതം വരുന്ന ടീമുകൾ പൂളവയൽ, കുപ്പാടി, മന്തൊണ്ടികുന്ന്, തിരുനെല്ലി തുടങ്ങിയ സ്ഥലങ്ങളിൽ സർവ്വേ നടത്തി തൊഴിലാളികൾ താമസിക്കുന്ന പ്രദേശവുമായും നിർമ്മാണത്തിലിരിക്കുന്ന പഞ്ചനക്ഷത്രഹോട്ടലുമായും ബന്ധമുള്ളളവരുടെ പട്ടിക തയ്യാറാക്കി. ഇത്തരത്തിൽ 192 വീടുകളിലാണ് ഇന്നലെ സർവ്വേ നടത്തിയത്. വീടുകളിൽ കഴിയുന്നവരോട് ജാഗ്രത പാലിക്കണമെന്നും കുടുംബാംഗങ്ങളോട് വീടുകളിൽ തന്നെ കഴിയാനും 10 വയസിന് താഴെയുള്ള കുട്ടികളും 65 വയസിന് മുകളിലുള്ളവരും പുറത്തിറങ്ങരുതെന്നും നിർദ്ദേശിച്ചു.
ദേശീയപാതയിൽ കൊളഗപ്പാറ കവല, മൂലങ്കാവ്, ചെതലയം, അമ്മായിപ്പാലം, മണിച്ചിറ, ബീനാച്ചി, ചീരാൽറോഡ്, കുപ്പാടി, പൂളവയൽറോഡ് എന്നിവിടങ്ങളിൽ പൊലീസ് ബാരിക്കേഡ് നിർമ്മിച്ച് ഗതാഗതം നിയന്ത്രിച്ചു. ദേശീയപാത 766 കണ്ടെയ്‌ൻമെന്റ് സോണിൽ ഉൾപ്പെട്ടതിനാൽ അന്തർ സംസ്ഥാന വാഹനങ്ങളും ചരക്ക് വാഹനങ്ങൾക്കും പ്രവേശനാനുമതി നൽകിയിരുന്നു. കണ്ടെയ്‌ൻമെന്റ് സോണിൽ ഒരേ റൂട്ടിലൂടെ മാത്രമെ വാഹനങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നുള്ളു.
ലോഡിംഗ് തൊഴിലാളികളിൽ രണ്ട് ടേണുകളിലായി 12പേരാണ് മെയ് 14, 21 തീയ്യതികളിലായി കെട്ടിട നിർമ്മാണ സ്ഥലത്തെത്തി ലോഡിറക്കിയതെന്ന് കണ്ടെത്തി. ഇവരൊഴികെ 41ലോഡിംഗ് തൊഴിലാളികൾ രണ്ടാംഘട്ട സമ്പർക്കത്തിലാണ്. സമ്പർക്ക പട്ടികയിൽ കൂടുതൽ ആളുകൾ ഉണ്ടോയെന്ന് പരിശോധന നടത്തിവരുകയാണ്. വരും ദിനങ്ങളിൽ കണ്ടെയ്‌മെന്റ്‌സോണുകളിൽ കർശന പരിശോധനയും നിയന്ത്രണവും നടത്താനാണ് തീരുമാനം.
ഫോട്ടോ
കണ്ടെയ്‌ൻമെന്റ് സോണിലൂടെയുള്ള വാഹനഗതാഗതം പൊലീസ് നിയന്ത്രിക്കുന്നു
0061- കണ്ടെയ്‌മെന്റ്‌സോണായ ബത്തേരി ടൗൺ
0073-അതിഥി തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ച പൂളവയൽ പ്രദേശത്ത് തൊഴിലാളികൾ താമസിച്ച സ്ഥലത്ത് ഫയർ ആൻഡ് റെസ്‌ക്യു ടീം അണുനശീകരണം നടത്തുന്നു.
നാട്ടിലേക്കുള്ള യാത്ര മുടങ്ങി;
പ്രതിഷേധിച്ചവർക്കു നേരെ പൊലീസ് ലാത്തി വീശി
സുൽത്താൻ ബത്തേരി: കണ്ടെയ്‌ൻമെന്റ് സോൺ പ്രഖ്യാപനം വന്നതിനാൽ സ്വദേശത്തേക്ക് മടങ്ങാൻ കഴിയുകയില്ലെന്ന് പറഞ്ഞതോടെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ അന്യ സംസ്ഥാന തൊഴിലാളികളെ പൊലീസ് ലാത്തി വീശി വിരട്ടി ഓടിച്ചു. ഉത്തർപ്രദേശുകാരായ അറുപതോളം തൊഴിലാളികളാണ് ഇന്നലെ നാട്ടലേക്ക് മടങ്ങാൻ കഴിയില്ലെന്ന് അറിഞ്ഞതോടെ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
കഴിഞ്ഞ ദിവസങ്ങളിൽ മെഡിക്കൽ ചെക്കപ്പും രജിസ്‌ട്രേഷനും കഴിഞ്ഞ അറുപതോളം തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങുന്നതിനായി നഗരസഭ ഓഫീസിന് മുന്നിൽ എത്തിയത്. നാട്ടിലേക്ക് പോകുന്നതിന് കെ.എസ്.ആർ.ടി.സി ബസിൽ കോഴിക്കോട് റെയിൽവേസ്റ്റേഷനിൽ എത്തിക്കാമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചതിനെ തുടർന്നായിരുന്നു ഇവർ എത്തിയത്. എന്നാൽ കൊവിഡ് വ്യാപനം ഉണ്ടായതിന്റെ അടിസ്ഥാനത്തിൽ ബത്തേരി നഗരസഭ കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചതോടെ ബത്തേരി നഗരസഭ പരിധിയിൽ വഹനഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ഇതോടെയാണ് അന്യ സംസ്ഥാന തൊഴിലാളികളുടെ യാത്ര മുടങ്ങിയത്.
ഉത്തരേന്ത്യൻ തൊഴിലാളികൾ പ്രതിഷേധവുമായി നഗരസഭയുടെ ഗെയിറ്റിന് മുന്നിൽ നിലയുറപ്പിക്കുകയും പിന്നീട് ദേശീയ പാതയിൽ കയറി പ്രതിഷേധിക്കുകയുമായിരുന്നു. പൊലീസ് എത്തിതൊഴിലാളികളുമായി സംസാരിക്കുകയും പിരിഞ്ഞ്‌പോകാൻ ആവശ്യപ്പെടുകയും ചെയ്തങ്കിലും അവർ കൂട്ടാക്കിയില്ല. പിന്നീട് ലാത്തി വീശി തൊഴിലാളികളെ വിരട്ടി ഓടിക്കുകയായിരുന്നു.
ഫോട്ടോ
അന്യ സംസ്ഥാന തൊഴിലാളികൾ ബത്തേരി ദേശീയപാതയിൽ പ്രതിഷേധിക്കുന്നു.