കോഴിക്കോട്: കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്‌കൂളിന് രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള നബറ്റ് അംഗീകാരം. കേന്ദ്ര സർക്കാരിന് കീഴിലുള്ള ക്വാളിറ്റി കൗൺസിൽ ഒഫ് ഇന്ത്യയുടെ സ്‌കൂളുകൾക്കുള്ള അക്രഡിറ്റേഷൻ ബോഡിയാണ് നാഷണൽ അക്രഡിറ്റേഷൻ ഫോർ എഡ്യൂക്കേഷൻ ആൻഡ് ട്രെയ്‌നിംഗ് (നബറ്റ്). കേരളത്തിൽ നബറ്റിന്റെ അംഗീകാരം ലഭിക്കുന്ന രണ്ടാമത്തെ സ്‌കൂൾ, ആദ്യത്തെ സ്റ്റേറ്റ് സിലബസ് - സർക്കാർ എയിഡഡ് സ്‌കൂൾ തുടങ്ങിയ ബഹുമതിയാണ് കാലിക്കറ്റിന് ലഭിച്ചത്.
സ്‌കൂളിന്റെ അക്കാഡമിക് നിലവാരം നബറ്റ് സ്റ്റാൻഡേർഡിലേക്ക് ഉയർത്തുന്നതിന് വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്. അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പ്രത്യേകം പരിശീലനവും നൽകുന്നുണ്ട്. നബറ്റ് നിർദ്ദേശിക്കുന്ന ക്ലാസ് റൂം, നവീകരിച്ച ലാബുകൾ, റോബോട്ടിക്‌സ് ടിങ്കറിംഗ് ലാബ്, കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറി, ഹൈടെക്ക് അടുക്കള, സ്മാർട് ഓഡിറ്റോറിയം, ഗ്രീൻ കാമ്പസ്, ജൈവ വൈവിധ്യ ഉദ്യാനം, വിദ്യാർത്ഥികൾക്കും സ്റ്റാഫിനും ഹെൽത്ത് കാർഡുകൾ, ഫസ്റ്റ് ഐഡ് റൂം തുടങ്ങിയവ സ്‌കൂളിൽ ഒരുക്കി.
അദ്ധ്യാപക-അനദ്ധ്യാപകർ, വിദ്യാർത്ഥികൾ, മാനേജ്‌മെന്റ്, പി.ടി.എ, പൂർവവിദ്യാർത്ഥികൾ, ജനപ്രതിനിധികൾ, നാട്ടുകാർ, സാമൂഹിക പ്രവർത്തകർ, മാദ്ധ്യമപ്രവർത്തകർ തുടങ്ങിയവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് വിദ്യാലയം ഈ നേട്ടം കൈവരിച്ചത്. 2017 ലെ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ തിരഞ്ഞെടുക്കപ്പെട്ട മികച്ച 100 സ്‌കൂളുകളിൽ ഒന്നായിരുന്നു കാലിക്കറ്റ്. 2019 ൽ എസ്.സി.ഇ.ആർ.ടിയുടെ കേരളത്തിലെ മികച്ച സ്‌കൂളുകൾക്കുള്ള മികവ് 2019 പുരസ്‌കാരവും ലഭിച്ചു. കൂടാതെ മികച്ച വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
1958ൽ ആരംഭിച്ച സ്‌കൂളിൽ യു.പി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങളിലായി 2700 ലധികം വിദ്യാർത്ഥികളും 100ലധികം അദ്ധ്യാപകരും പത്തിലധികം അനദ്ധ്യാപകരുമുണ്ട്. കുട്ടികളുടെയും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും സമൂലമായ മാറ്റമാണ് അക്രഡിറ്റേഷൻ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് ഡോ. അലി ഫൈസൽ വ്യക്തമാക്കി. ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോൾ വളരെയധികം സന്തോഷമുണ്ടെന്ന് പ്രിൻസിപ്പൽ എം. അബ്ദു പറഞ്ഞു. പത്രസമ്മേളനത്തിൽ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് ഡോ. വി. അലി ഫൈസൽ, മാനേജർ കെ.വി. കുഞ്ഞഹമ്മദ്, പി.ടി.എ പ്രസിഡന്റ് എ.ടി. നാസർ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ എം. അബ്ദു, ഹെഡ്മിസ്ട്രസ് കെ.എം. റഷീദ ബീഗം, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ പി.എം. ശ്രീദേവി, അക്രഡിറ്റേഷൻ കോ-ഓർഡിനേറ്റർ കെ.ആർ. സ്വാബിർ എന്നിവർ പങ്കെടുത്തു.