ബാലുശ്ശേരി: ബാലുശ്ശേരി ഹൈസ്കൂൾ റോഡിലെ അഴക്കുചാലിലെ മണ്ണ് നീക്കാതെ സ്ലാബിട്ട് കൈവരി വയ്ക്കുന്നതിനെതിരെ ഒറ്റയാൾ സമരത്തിനൊരുങ്ങി മനോജ് കുന്നോത്ത്.
അഴുക്ക് ചാലിന്റെ യഥാർത്ഥ ആഴവും മണ്ണ് നിറഞ്ഞ ശേഷമുള്ള അവസ്ഥയും ബോദ്ധ്യപ്പെടുത്തിയാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. നിരവധി സാമൂഹ്യ പ്രശ്നങ്ങൾക്കെതിരെ ഒറ്റയാൾ സമരം നടത്തി വിജയം കണ്ട മനോജ് നാടറിയുന്ന സാമൂഹ്യ പ്രവർത്തകൻ കൂടിയാണ്. കൊവിഡ് കാലത്ത് വാർഡിലെ ജനങ്ങൾക്ക് ആവശ്യമായ മരുന്നും ഭക്ഷ്യവസ്തുക്കളും എത്തിക്കുന്നതിൽ മനോജിന്റെ സാന്നിദ്ധ്യം ഏറെ ചർച്ച ചെയ്യപ്പെട്ടു.
കാൽ പൊട്ടിയതിനെ തുടർന്ന് എസ്.എസ്. എൽ.സി പരീക്ഷയ്ക്ക് പോകാൻ കഴിയാതിരുന്ന കുട്ടിയെ താങ്ങിയെടുത്ത് സ്കൂളിന്റെ മുകളിലെ നിലയിൽ എത്തിക്കുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ലോക്ക് ഡൗൺ കാലത്ത് തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകിയും കോഴിക്കോട് തെരുവോരങ്ങളിൽ കഴിയുന്നവർക്ക് ഭക്ഷണം നല്കുന്നതിൽ മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി ഭരതൻ പുത്തൂർ വട്ടത്തോടൊപ്പവും പങ്കാളിയായും സാമൂഹ്യ സേവനത്തിൽ സജീവമായി.