കോഴിക്കോട്: ഓൺലൈൻ പഠനവുമായി സർക്കാർ കച്ച മുറുക്കുമ്പോൾ വില്ലനായി പെരുമഴക്കാലം. സ്‌മാർട്ട്‌ഫോണും ടി.വിയും ഇല്ലാത്ത വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം ഉറപ്പാക്കാൻ ജനകീയശ്രമം നടക്കുമ്പോൾ ഇതുണ്ടായിട്ടും പലർക്കും ഉപയോഗിക്കാനാവുന്നില്ലെന്ന പ്രശ്നമാണ്. മഴക്കാറ് കണ്ടാൽ തുടങ്ങും മിക്കയിടത്തും വൈദ്യുതിയുടെ ഒളിച്ചുകളി. കാറ്റിലും മഴയിലും മരച്ചില്ലകൾ വീണ് ലൈൻ തകരാറിലായാൽ പിന്നെ പറയുകയും വേണ്ട.

കാലവർഷം തുടങ്ങിയതോടെ സ്‌മാർട്ട് ഫോണുകൾക്ക് റേഞ്ച് കിട്ടാത്തതും കുട്ടികൾക്ക് തലവേദനയാവുകയാണ്. ഇതുകാരണം പലർക്കും ക്ലാസിൽ ഹാജരാകാനാവുന്നില്ല. സി.ബി.എസ്.ഇ കുട്ടികൾക്ക് മലയാളം ക്ലാസുകൾ ലഭിക്കുന്നതും ഹെെസ്‌കൂളിലേക്ക് കടക്കുന്നവർക്ക് പുതിയ സിലബസിനെക്കുറിച്ച് വ്യക്തത കിട്ടാത്തുമെല്ലാം പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു.

ഇന്റർനെറ്റിന്റെ ലഭ്യതക്കുറവും ചില ഡി.ടി.എച്ചുകളിൽ വിക്ടേഴ്സ് ചാനൽ കിട്ടാത്തതുമെല്ലാം തിരിച്ചടിയായി. വിക്ടേഴ്‌സ് ചാനലിൽ ഓരോ വിഷയത്തിനും അര മണിക്കൂർ നേരമാണ് ക്ലാസ്. യൂ ട്യൂബിലും മറ്റും പുനഃസംപ്രഷണമുണ്ടെങ്കിലും ഓൺലെെൻ കണക്‌ഷനിലെ തടസ്സങ്ങൾ കാരണം പലർക്കും ക്ലാസുകൾ കാണാൻ കഴിയില്ല. മലയോരത്തെ കുട്ടികളാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. ചോർന്നൊലിക്കുന്ന വീടുകളിലെ കുട്ടികൾക്ക് എങ്ങനെ ഓൺലെെൻ പഠനം സാദ്ധ്യമാക്കുമെന്ന ചോദ്യമാണ് നിർധന കുടുംബങ്ങളിലെ രക്ഷാകർത്താക്കളുടേത്. ഓൺലൈൻ സംവിധാനങ്ങളെ കുറിച്ചുള്ള അജ്ഞതയും ഇവരെ ആശങ്കയിലാക്കുകയാണ്.

മിക്ക ഓൺലെെൻ ക്ലാസുകളും രാവിലെ എട്ടരയ്‌ക്കാണ് ആരംഭിക്കുന്നത്. സൂം, ഗൂഗിൾ മീ​റ്റ്, മെെക്രാസോഫ്​റ്റ് ടീംസ്, ഗൂഗിൾ ക്ലാസ്റൂം എന്നീ ആപ്ലിക്കേഷനുകളിലൂടെയാണ് സ്വകാര്യ സ്‌കൂളുകളിലെ ഓൺലൈൻ പഠനം.

പ്രതിസന്ധികൾ പലത്

 മഴക്കാലത്തെ സിഗ്നൽ കുറവ്

 അടിക്കടിയുള്ള വൈദ്യുതി മുടക്കം

 സിലബസിലെ അവ്യക്തത

 വിക്ടേഴ്സ് ചാനൽ സിഗ്നലിന്റെ അഭാവം

 ഇന്റർനെറ്റിനെ കുറിച്ചുള്ള അജ്ഞത

'ഇന്നലെയും ഇവിടെ വൈദ്യുതി ഇല്ലായിരുന്നു. ഉച്ചയ്‌ക്ക് രണ്ട് മണിക്കുള്ള ക്ലാസ് അറ്റന്റ് ചെയ്യാൻ സാധിച്ചിട്ടില്ല."

- അലൻ ജിത്ത്, ഏഴാം ക്ലാസ് വിദ്യാർത്ഥി

'കുട്ടികൾ ആകെ വിഷമത്തിലാണ്. മലയോര മേഖലകളിൽ ഇടയ്ക്കിടെയുള്ള വൈദ്യുതി മുടക്കവും റെയ്ഞ്ച് കിട്ടാത്തതും അവരെ വല്ലാതെ ബാധിച്ചിട്ടുണ്ട്".

- സക്കീന, ഓമശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്