കോഴിക്കോട് : മലബാറിയൻസിനൊപ്പം മഞ്ഞപ്പടയും കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ പന്ത് തട്ടാനൊരുങ്ങുമ്പോൾ കോഴിക്കോടിന്റെ ഫുട്ബാൾ ഹൃദയം കൂടുതൽ വേഗത്തിൽ തുടിക്കുകയാണ്.
സ്റ്രേഡിയത്തിൽ ഐ.എസ്.എൽ മത്സരം നടത്തുന്നത് സംബന്ധിച്ച കേരള ബ്ലാസ്റ്രേഴ്സ് എഫ്.സിയും കോഴിക്കോട് കോർപ്പറേഷനും തമ്മിലുള്ള ചർച്ചകകളെ കോഴിക്കോട്ടെ ആരാധകർ കാണുന്നത് ഏറെ പ്രതീക്ഷയോടെയാണ്. പത്തിന് മേയറുടെ ചേംബറിൽ നടക്കുന്ന യോഗത്തോടെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരും.
ഐ.എസ്.എൽ മത്സരങ്ങൾ കോഴിക്കോട് സ്റ്രേഡിയത്തിൽ നടത്താനുള്ള ശ്രമങ്ങൾ ആരംഭിക്കുമെന്ന് കോർപറേഷൻ ബഡ്‌ജറ്റിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയാണ് കഴിഞ്ഞ ദിവസം നടന്ന ചർച്ച.
ഈ ശ്രമം വിജയിക്കുകയാണെങ്കിൽ അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് കോഴിക്കോട്ട് കളിക്കും. കൊച്ചിയെ പൂർണമായി ഒഴിവാക്കിയാകുമോ മഞ്ഞപ്പട കോഴിക്കോട്ടെത്തുക എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ജി.സി.ഡി.എ യുമായി നിലനിൽക്കുന്ന തർക്കത്തിൽ സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കോഴിക്കോട് സ്റ്റേഡിയത്തെ പരിഗണിക്കുന്നതെന്ന വിലയിരുത്തലുമുണ്ട്.
നിലവിൽ ഐ ലീഗ് ടീം ഗോകുലം കേരള എഫ്.സിയുടെ ഹോം ഗ്രൗണ്ടാണ് ഇ.എം.എസ് സ്റ്റേഡിയം. ഗോകുലത്തിന്റെ ഓഫീസ് ഉൾപ്പെടെ ഈ സ്റ്റേഡിയത്തിലാണ്. ഗോകുലമാണ് സ്റ്റേഡിയത്തിന്റെ നവീകരണവും പരിപാലനവും നോക്കുന്നതും ഗോകുലം തന്നെ. കൊച്ചിയെ ഹോംഗ്രൗണ്ടാക്കി നിലനിറുത്തി ചില മത്സരങ്ങൾ മാത്രം കോഴിക്കോട്ട് കളിക്കാനാണ് ബ്ലാസ്റ്റേഴ്സിന്റെ പദ്ധതിയെങ്കിൽ അതിനെ ഗോകുലം സ്വാഗതം ചെയ്തേക്കും.
സ്റ്രേഡിയത്തിന്റെ നിലവിലെ അവസ്ഥ മാറണം
ഇ.എം.എസ് സ്റ്റേഡിയത്തിന്റെ നിലവാരം വലിയ തോതിൽ മാറിയെങ്കിൽ മാത്രമേ ഐ.എസ്.എൽ മത്സരങ്ങൾ ഇവിടെ നടത്താനാവൂ.. അണ്ടർ 17 ലോകകപ്പ് ഫുട്ബാൾ മുൻനിറുത്തി 25 കോടി ചെലവിൽ നവീകരിച്ച കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നിന്ന് കോഴിക്കോട് സ്റ്റേഡിത്തിയത്തിലേക്ക് ഹോം ഗ്രൗണ്ട് മാറ്റാൻ കേരള ബ്ലാസ്റ്റേഴ്സ് തയ്യാറുകുമോയെന്ന് കോർപ്പറേഷന് പോലും വ്യക്തതയില്ല.
വലിയ മത്സരങ്ങൾ നടത്താനുള്ള പ്രാഥമിക സൗകര്യം പോലും നിലവിൽ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലില്ല.
പരിശോധിച്ച് അടിയന്തര നവീകണം നടത്തേണ്ട പ്രവൃത്തികളുടെ എസ്റ്റിമേറ്റ് കേരള ബ്ലാസ്റ്റേഴ്സ് തയ്യാറാക്കും. ഫ്ലഡ്ലിറ്റ്, പവലിയൻ, ഡ്രെയ്‌നേജ്, ഡ്രസിംഗ് റൂം തുടങ്ങിയ അടിയന്തര പ്രവൃത്തികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ അടുത്ത യോഗത്തിൽ ചർച്ചയാവും.